കൽപ്പറ്റ: ഭരണഘടനയെ തൊട്ടുകളിക്കാൻ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് യു.ഡി.എഫ് വയനാട് ജില്ലാകമ്മിറ്റി കൽപ്പറ്റയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു
അദ്ദേഹം.
കഴിഞ്ഞ 10 വർഷമായി ബി.ജെ.പി ഭരണഘടനയെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഭാഷയും ഒരു ആശയവും അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. അധികാരത്തിൽ വന്നാൽ ഈ ഭരണഘടനയെ നശിപ്പിക്കുമെന്നായിരുന്നു അവർ പറഞ്ഞുകൊണ്ടിരുന്നത്. ഭരണഘടനയെ മാറ്റിമറിക്കുമെന്ന് പറഞ്ഞ ശേഷം അധികാരത്തിലെത്തിയപ്പോൾ തൊട്ടു നമിക്കുന്നതാണ് കണ്ടത്.ഇന്ത്യയെന്ന ആശയത്തെ ആക്രമിച്ചത് കൊണ്ടാണ് യു.പിയിൽ ഉൾപ്പെടെ ബി ജെ പി പരാജയപ്പെട്ടത്. രാജ്യത്ത് അധികാരത്തിലിരിക്കുന്നത് ഇന്ത്യാമുന്നണിയുടെ മാരക പ്രഹരമേറ്റ സർക്കാരാണ്. രാജ്യത്തെ നയിക്കാൻ പ്രാപ്തിയുള്ള സർക്കാരല്ല ഇത്. കോൺഗ്രസും, ഇന്ത്യാമുന്നണിയും ചേർന്ന് മോദിയുടെ ആശയങ്ങളെ പരാജയപ്പെടുത്തി. തിരഞ്ഞെടുപ്പിന് മുമ്പ് കണ്ട മോദിയല്ല ഇപ്പോഴുള്ളത്.
തിരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പിയെ പിന്തുണക്കുന്ന മാദ്ധ്യമങ്ങളും പ്രധാനമന്ത്രിയും പറഞ്ഞത് 400 സീറ്റുകൾ കിട്ടുമെന്നാണ്. എല്ലാ നേതാക്കളും അതേറ്റു പിടിച്ചു. പിന്നീടത് മുന്നൂറും ഇരുന്നൂറുമായി. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടു. മുഴുവൻ മാദ്ധ്യമങ്ങളും, ഏജൻസികളും സംവിധാനങ്ങളുമെല്ലാം ഇന്ത്യ മുന്നണിക്ക് എതിരായിരുന്നു. പ്രധാനമന്ത്രിയുടെ താത്പ്പര്യങ്ങൾക്കനുസരിച്ചാണ് തിരഞ്ഞെടുപ്പ് പോലും കമ്മിഷൻ രൂപപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ ഏറ്റവുമൊടുവിൽ തിരഞ്ഞെടുപ്പ് നടത്തിയത് അതിന്റെ ഭാഗമാണെന്നും രാഹുൽ പറഞ്ഞു.എ.ഐ.സി .സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷനേതാവ് വി. ഡി സതീശൻ, പാണക്കാട് ബഷീറലി തങ്ങൾ, എം.പിമാരായ പി.വി അബ്ദുൽ വഹാബ്, ജെബി മേത്തർ, തുടങ്ങിയവർ സംബന്ധിച്ചു.
രാഹുലിനെ ഇരുത്തി
കെ.സുധാകരന്റെ
വിടചൊല്ലൽ പ്രസംഗം
പ്രദീപ് മാനന്തവാടി
കൽപ്പറ്റ: രാഹുൽഗാന്ധിയെ ഇരുത്തി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ നടത്തിയ പ്രസംഗം രാഹുലിനുളള വിട ചൊല്ലലായി. രാഹുൽഗാന്ധിയെക്കുറിച്ച് ഓർക്കുമ്പോൾ തങ്ങൾക്ക് അഭിമാനവും സന്തോഷവുമാണ്.പക്ഷെ വയനാട് വിട്ട് പോകുന്നു എന്നറിയുമ്പോൾ മനസിനകത്ത് ദു:ഖം തളം കെട്ടി നിൽക്കുന്നു. ഇന്ത്യയെ നയിക്കണമെങ്കിൽ അദ്ദേഹത്തിന് വയനാട് മണ്ഡലം ഒഴിവാക്കേണ്ടി വരുമെന്നുംസുധാകരൻ പറഞ്ഞു.
രാഹുൽഗാന്ധിയുടെ രാഷ്ട്രീയ വളർച്ച ഉയരത്തിൽ നിന്ന് ഉയരത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. കോൺഗ്രസ് ഒരു വടവൃക്ഷം പോലെ വളരാൻ പോകുന്നു. അതിന് ചുക്കാൻ പിടിക്കുന്നു എന്നറിയുമ്പോൾ സന്തോഷമാണ് തോന്നുന്നത്. ചടങ്ങിൽ പങ്കെടുക്കാനെത്തുമ്പോൾ ഒരു സ്ത്രീയെ കണ്ടു.രാഹുലിന്റെ കാര്യം പറഞ്ഞ് അവർ കരയുകയായിരുന്നു.. കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തപ്പോൾ ഇന്ത്യയിലെ കോടാനുകോടി ജനങ്ങൾ രാഹുലിന്റെ വ്യക്തിത്വത്തെ അംഗീകരിച്ചു. സന്തോഷവും പ്രയാസവും ഒരുമിച്ച് അനുഭവിക്കുന്ന ജനക്കൂട്ടമാണ് എനിക്ക് മുന്നിലുളളത്. സന്തോഷമെന്ന് പറയുന്നത് ഇന്ത്യയുടെ രാഷ്ടീയമണ്ഡലത്തിലേക്ക് നമ്മളെയെല്ലാം സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന രാഹുൽഗാന്ധിയുടെ രാഷ്ടീയ വളർച്ചയോർത്താണ്- സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |