ഗോഡ്‌ഫാദർ അടക്കം നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് കനക.മോഹൻലാൽ, മുകേഷ് അടക്കമുള്ളവരുടെ നായികയായ കനക തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് സിനിമാ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്തു. കനകയുടെ ജീവിതവുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകൾ മുമ്പ് പ്രചരിച്ചിരുന്നു. നടി മരിച്ചെന്ന രീതിയിൽ പല തവണ പ്രചാരണമുണ്ടായി. ഇപ്പോഴിതാ കനകയെക്കുറിച്ചുള്ള ചില കാര്യങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.
വിയറ്റ്നാം കോളനി എന്ന സിനിമയുടെ ഷൂട്ടിംഗിന് ആലപ്പുഴയിൽ വന്നപ്പോഴാണ് താൻ കനകയെ ആദ്യമായി കണ്ടതെന്ന് അദ്ദേഹം പറയുന്നു. ഒരു ഗൾഫ് ഷോയ്ക്ക് ക്ഷണിക്കാനായി കനകയുടെ മദ്രാസിലുള്ള വീട്ടിൽ പോയിട്ടുണ്ടെന്ന് ആലപ്പി അഷ്റഫ് വ്യക്തമാക്കി.
കനകയുടെ മാതാപിതാക്കൾ തമ്മിൽ വേർപിരിഞ്ഞതാണ്. അതിനുശേഷം തള്ളക്കോഴി കുഞ്ഞിനെ ചിറകിനടിയിൽവച്ച് കൊണ്ടുനടക്കുന്നതുപോലെയാണ് കനകയെ അമ്മ കൊണ്ടുനടന്നത്. പിതാവ് തട്ടിക്കൊണ്ടുപോകുമെന്ന് കരുതി പലപ്പോഴും സ്‌ക്കൂളിൽ പോലും പോകാൻ സാധിക്കാത്ത സാഹചര്യം കനകയ്ക്കുണ്ടായി.
'പിതാവിന്റെ ഉപദ്രവത്തിൽ നിന്നും ഒഴിവായിക്കിട്ടാനായി, വിയറ്റ്നാം കോളനിയുടെ ഷൂട്ടിംഗിന്റെ സമയത്ത് ആലപ്പുഴയിലെ ഹോട്ടൽ മുറിയിൽ മന്ത്രവാദിയെ വരുത്തി വലിയൊരു പൂജ നടത്തിയ വിവരം അതിന്റെ പ്രൊഡക്ഷൻ കൺട്രോളർ എന്നോട് പറഞ്ഞു. ആ പിതാവിനെ അമ്മയും മകളും അത്രത്തോളം ഭയപ്പെടുകയുണ്ടായി.'- ആലപ്പി അഷ്റഫ് വ്യക്തമാക്കി.
അമ്മയുടെ മരണശേഷം കനക ഒറ്റപ്പെട്ടു. അവർ മാനസികമായി തകർന്നു. ആ വീട്ടിൽ അവൾ ഏകയായി. ആരോടും മിണ്ടാണ്ടായി. പല ഷൂട്ടിംഗുകളിൽ നിന്നും അവർ പിൻവാങ്ങി. ചിലർ ഒഴിവാക്കി. വീടടച്ച് ഏകയായി കഴിഞ്ഞു.ആരെയും സഹകരിപ്പിക്കാതായി. ചിലരൊക്കെ പറയുന്നത് അമ്മയുടെ ആത്മാവുമായി സംസാരിക്കാൻ വേണ്ടിയാണ് അങ്ങനെ ഇരിക്കുന്നതെന്ന് പറഞ്ഞുകേട്ടിട്ടുണ്ടെന്ന് ആലപ്പി അഷ്റഫ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |