തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപനി പിടിമുറുക്കിയതോടെ ഇന്നലെ മാത്രം 11,050 പേരാണ് ചികിത്സ തേടിയത്. ഇതിൽ 159 പേർക്ക് ഡെങ്കിയും എട്ടുപേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 42 എച്ച് 1 എൻ1 കേസുകളും 32 പേർക്ക് മഞ്ഞപ്പിത്തവും റിപ്പോർട്ട് ചെയ്തു.
തിരുവനന്തപുരത്ത് എച്ച് 1എൻ1,എറണാകുളത്ത് ഡെങ്കിയും മലപ്പുറത്ത് പകർച്ച പനിയും വ്യാപകം. ഇന്നലെ മാത്രം 1749 പേരാണ് മലപ്പുറത്ത് ചികിത്സതേടിയത്. കോഴിക്കോട്,തൃശൂർ,തിരുവനന്തപുരം ജില്ലകളിൽ ആയിരത്തിന് മുകളിലാണ് രോഗികൾ. ഡെങ്കിപ്പനി എറണാകുളം 86,തിരുവനന്തപുരം 18,കൊല്ലം 16,ആലപ്പുഴ 14, തൃശൂർ 11 എന്നിങ്ങനെയാണ് റിപ്പോർട്ട്. എച്ച് 1 എൻ1 രോഗികളിൽ 24 പേരും തിരുവനന്തപുരത്താണ്. ആലപ്പുഴ 8,തൃശൂർ 7,പാലക്കാട് 2,കൊല്ലം 1 എന്നിങ്ങനെയാണ് സ്ഥിതി. ഈ മാസം ഇതുവരെ അരലക്ഷത്തിലേറെ പേർക്കാണ് വൈറൽപ്പനി ബാധിച്ചത്.
കണക്ക് പുറത്ത്
അഞ്ചുദിവസത്തിന് ശേഷം സംസ്ഥാനത്തെ പനിബാധിതരുടെ കണക്ക് ആരോഗ്യവകുപ്പ് ഡയറക്ടർ ഇന്നലെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വൈകിട്ട് ഇന്നലെത്തെ കണക്കും ലഭ്യമാക്കി. നിയമസഭ നടക്കുന്നതിനാൽ ആരോപണങ്ങൾ ഒഴിവാക്കാൻ ആരോഗ്യവകുപ്പ് കണക്ക് ഒളിപ്പിക്കുന്നതായി ആക്ഷേപമുണ്ടായിരുന്നു.
ശ്രദ്ധിക്കാം പ്രതിരോധിക്കാം
മൂന്നുദിവസത്തിൽ കൂടുതൽ പനിയുണ്ടെങ്കിൽ വിദഗ്ദ്ധ ചികിത്സ തേടണം
പനിയോടുകൂടി ശ്വാസതടസം, അമിതമായ നെഞ്ചിടിപ്പ്,നെഞ്ച് വേദന,ബോധക്ഷയം,കഫത്തിൽ രക്തത്തിന്റെ അംശം,അമിതമായ ക്ഷീണം സൂചനകൾ കണ്ടാൽ എത്രയും വേഗം ഡോക്ടറെ കാണണം.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക,കുടിവെള്ള സ്രോതസുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക.
വയറിളക്കം വന്നാൽ ഒ.ആർ.എസ്. ലായനി,ഉപ്പിട്ട കഞ്ഞിവെള്ളം,കരിക്കിൻ വെള്ളം എന്നിവ കുടിക്കുക.
നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ (വർദ്ധിച്ച ദാഹം,ഉണങ്ങിയ നാവും ചുണ്ടുകളും,വരണ്ട ചർമ്മം,മയക്കം,മൂത്രത്തിന്റെ അളവിലോ നിറത്തിലോ ഉള്ള വ്യത്യാസം) കണ്ടാൽ ആശുപത്രിയിൽ എത്തിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |