തൃശൂർ: എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യക്കെതിരെ സംഘടനാ നടപടി തിടുക്കത്തിൽ വേണ്ടെന്നും നിയമപരമായ നടപടികൾ മുന്നോട്ട് പോകട്ടെയെന്നും തൃശൂരിൽ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വരുന്ന മുറയ്ക്ക് നടപടി മതിയെന്നാണ് ധാരണ. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ചൊവ്വാഴ്ച വിധിപറയാൻ വച്ചിരിക്കുകയാണ്.
എ.ഡി.എമ്മിന്റെ മരണം ഗൗരവമായി ചർച്ച ചെയ്തില്ലെന്നാണ് വിവരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റിയിട്ടുണ്ട്. അതൊരു നടപടിയാണെന്നും പാർട്ടി വിലയിരുത്തി.
എൻ.സി.പി കൂറുമാറ്റ കോഴവിവാദം അടക്കമുള്ള വിഷയങ്ങൾ ചർച്ചയായില്ല. ചർച്ച അധികസമയവും തിരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ചായിരുന്നു. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടതുസ്വതന്ത്രനായി മത്സരിക്കുന്ന ഡോ.സരിന്റെ പ്രചാരണ പ്രവർത്തനം വിലയിരുത്തി. ഉപതിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നതിനിടെയാണ് തൃശൂരിൽ യോഗം ചേർന്നത്.സെക്രട്ടേറിയറ്റ് യോഗം എ.കെ.ജി സെന്ററിൽ ചേരുന്നതാണ് പതിവ്.
എൻ.എൻ.കൃഷ്ണദാസിന്
രൂക്ഷവിമർശനം
ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ് മാദ്ധ്യമപ്രവർത്തകരോട് മോശം ഭാഷയിൽ പ്രതികരിച്ചതിനെതിരെ രൂക്ഷവിമർശനമുയർന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരം പരാമർശങ്ങൾ തിരിച്ചടിയാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ശക്തമായ വിമർശനങ്ങൾക്ക് സുന്ദരമായ ഭാഷ ഉപയോഗിക്കുന്നതാണ് ശരിയായ രീതിയെന്നും ഇതാണ് പാർട്ടി നയമെന്നും യോഗത്തിനുശേഷം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ, എ.വിജയരാഘവൻ, എം.എ.ബേബി, കെ.രാധാകൃഷ്ണൻ, എളമരം കരീം, എ.കെ.ബാലൻ, ഡോ.തോമസ് ഐസക്, പി.കെ. ശ്രീമതി, കെ.കെ.ശൈലജ, പി.രാജീവ്, കെ.എൻ.ബാലഗോപാൽ, വി.എൻ.വാസവൻ തുടങ്ങിയവർ പങ്കെടുത്തു.
വീണ്ടും ഒളിവിലേക്ക്
കണ്ണൂർ: പാർട്ടി നടപടി തിടുക്കത്തിൽ വേണ്ടെന്നും നിയമപരമായ നടപടികൾ മുന്നോട്ടുപോകട്ടെയെന്നുമുള്ള സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനത്തെ തുടർന്ന് കീഴടങ്ങാനുള്ള നീക്കത്തിൽ നിന്ന് പി.പി.ദിവ്യ പിന്തിരിഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി കീഴടങ്ങലിന് സന്നദ്ധയായി ഒളിയിടത്തിൽ നിന്ന് കണ്ണൂരിലെ ബന്ധുവീട്ടിൽ ദീവ്യ എത്തിയതായി സൂചനയുണ്ടായിരുന്നു. പാർട്ടി തീരുമാനംവന്നതോടെഅവിടെ നിന്ന് വീണ്ടും രഹസ്യ കേന്ദ്രത്തിലേക്ക് മടങ്ങി. കീഴടങ്ങിയാൽ മാത്രം അറസ്റ്റെന്ന നിലപാടിലാണ് പുതിയ അന്വേഷണസംഘവും.
ഇന്നലെ പുതിയ അന്വേഷണ സംഘത്തിന്റെ തലവനായ സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാറും ഉന്നത ഉദ്യോഗസ്ഥരും കോഴിക്കോട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി കോഴിക്കോട്ടുള്ള സാഹചര്യംകൂടി കണക്കിലെടുത്തായിരുന്നു യോഗം.
പാർട്ടി നിയന്ത്രണത്തിലുള്ള പ്രമുഖ സഹകരണാശുപത്രിയിൽ ദിവ്യ ചികിത്സ തേടിയിട്ടുണ്ടെന്ന അഭ്യൂഹവും പരന്നിരുന്നു. ദിവ്യ എവിടെയാണെന്ന് പൊലീസിന് കൃത്യമായ വിവരമുണ്ട്. എന്നാൽ തത്കാലം അറസ്റ്റിലേക്ക് കടക്കേണ്ടെന്ന തീരുമാനത്തിലാണ്.
മൊഴി നൽകാൻ എത്തിയാൽ അറസ്റ്റ് ചെയ്യേണ്ടിവരും. ഈ നിയമോപദേശം ലഭിച്ചതുകൊണ്ടാണ് നോട്ടീസ് നൽകിയിട്ടും ദിവ്യ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകാത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |