SignIn
Kerala Kaumudi Online
Tuesday, 18 February 2025 2.46 PM IST

'പിണറായിയുടെ കുടുംബാധിപത്യം, സിപിഎമ്മിന്റെ വർഗീയ നിലപാട്'; തൃണമൂൽ തിരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കി അൻവർ

Increase Font Size Decrease Font Size Print Page
pv-anwar-

തിരുവനന്തപുരം: കേരളത്തിൽ പിണറായി വിജയന്റെ കുടുംബാധിപത്യത്തിനെതിരെയും ഹിന്ദുത്വനിലപാട് സ്വീകരിക്കുന്ന സിപിഎമ്മിന്റെ വർഗീയ നിലപാടുകളോടും എതിരിട്ടുനിൽക്കാൻ തൃണമൂൽ കോൺഗ്രസ് പോലുള്ള രാഷ്ട്രീയ മുന്നേറ്റം സമകാലിക കേരളവും ആവശ്യപ്പെടുന്നുണ്ടെന്ന് പിവി അൻവർ. തൃണമൂലിന്റെ കേരളത്തിലെ രൂപീകരണം കേരളത്തിലെ ഫാസിസ്റ്റ് വിരുദ്ധശക്തികളേയും ന്യൂനപക്ഷങ്ങളേയും ഒരേ ചരടിൽ കോർക്കാനുതകുന്ന തരത്തിലായിരിക്കുമെന്ന ശരിയായ തിരിച്ചറിവാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നും പിവി അൻവർ വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് അൻവർ ഇക്കാര്യം വ്യക്തമാക്കുന്നത്.

അൻവറിന്റെ പോസ്റ്റിന്റെ പൂർണരൂപം

എന്തുകൊണ്ട് തൃണമൂൽ
മൂന്നര പതിറ്റാണ്ടുകാലത്തെ സിപിഎമ്മിന്റെ അർദ്ധ ഫാസിസ്റ്റ് ദുർഭരണത്തെ തൂത്തെറിഞ്ഞാണ് മമത ബാനർജി ബംഗാളിൽ തന്റെ ആധിപത്യമുറപ്പിക്കുന്നത്. മുഖ്യമന്ത്രിപദത്തിലേക്കും ദേശീയ നേതാവെന്ന നിലയിലേക്കുമുള്ള മമതയുടെ യാത്ര അത്ര സുഗമമമായിരുന്നില്ല. ബംഗാളിലുടനീളമുള്ള അതിശക്തമായ സംഘടനാ സംവിധാനവും ഭരണസ്വാധീനവും സിപിഎമ്മിന്റെ അപ്രമാദിത്വവും എല്ലായിടത്തും ശക്തമായ കാലത്തുതന്നെയാണ് മമത തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച് പ്രവർത്തനമാരംഭിക്കുന്നത്. തന്റെ രാഷ്ട്രീയപ്രവർത്തനത്തിനിടയിൽ മമതയെ തെരുവിൽ കായികമായി നേരിടാനും സി.പി. ഐ.(എം)ന്റെ ഗുണ്ടാസംഘം ശ്രമിക്കുകയുണ്ടായി. എല്ലാ എതിർപ്പുകളേയും മറികടന്ന് ബംഗാളിൽ ഒരു കൊടുങ്കാറ്റായി ആഞ്ഞടിക്കാൻ അവർക്ക് തുണയേകിയത് ബംഗാളിലെ സാമാന്യജനതയുടെ പിന്തുണ മാത്രമായിരുന്നു. സിദ്ധാർഥ ശങ്കർറേയുടെ അർധഫാസിസത്തെ എതിർത്ത് സിപിഎമ്മിനെ ജയിപ്പിച്ച ജനതയ്ക്ക് അതിലും വലിയ ഫാസിസത്തേയാണ് പിന്നീട് നേരിടേണ്ടിവന്നത്. തൊഴിലാളിവർഗത്തിന്റെ പേരിൽ അധികാരത്തിലെത്തിയ ഇവർ അവസാനം നന്ദീഗ്രാമിൽ കുത്തക മുതലാളിമാർക്കുവേണ്ടി കർഷകകരെ വെടിവെച്ചുകൊല്ലുന്നതിലേക്കുവരെ നയിക്കുകയുണ്ടായി. സിപിഎമ്മിന്റെ ജനവിരുദ്ധ വാഴ്ചയ്‌ക്കെതിരായ പോരാട്ടമാണ് മമതയെ ബംഗാളിൽ അധികാരത്തിലെത്തിച്ചത്.

പൗരത്വഭേദഗതി, കർഷകസമരം, മണിപ്പൂർ കലാപം, ഹിൻഡൻബർഗ് റിപ്പോർട്ട്, തുടങ്ങിയ വിഷയങ്ങളിൽ മമതയുടെ പാർട്ടിയും അവരുടെ ലോക്സഭാ നേതാവ് മെഹുവാമൊയ്ത്രയും എടുത്ത നിലപാടുകൾ ഇന്ത്യയിലാകമാനമുള്ള ന്യൂനപക്ഷങ്ങൾ ഏറെ ശ്രദ്ധയോടെയാണ് വീക്ഷിച്ചത്. ഭരണകൂടത്തിന്റെ നയങ്ങളേയും വിശേഷിച്ച് പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള അവിശുദ്ധ ബാന്ധവത്തേയും ലോകമാകെ ശ്രദ്ധിക്കുന്ന തരത്തിലേക്ക് ഉയർത്തിയതുകൊണ്ടുതന്നെയാണ് ത്രിണമൂൽ കോൺഗ്രസ് നേതാവായ മെഹുവാമൊയ്ത്രയെ പാർലമെന്റിൽനിന്നും പുറത്താക്കുന്നതിലടക്കമുള്ള നടപടികളിലേക്ക് ഇന്ത്യൻ ഭരണകൂടത്തെ നയിച്ചത്. രാഹുൽ ഗാന്ധി കഴിഞ്ഞാൽ സംഘപരിവാർ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പാർലമെന്റിൽ അതിശക്തമായ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ നേതാവ് ത്രിണമൂലിന്റെ മഹുവ മൊയ്ത്ര തന്നെയാണെന്ന് കാണാവുന്നതാണ്.
ഗുജറാത്ത് വംശഹത്യക്കിരയായ ബിൽക്കീസ് ബാനുവിനുവേണ്ടി സുപ്രീംകോടതിയെ സമീപിച്ചതുമുൾപ്പെടെയുള്ള കാര്യങ്ങളും ബംഗാളിൽ നരേന്ദ്രമോഡിയുടെ വംശീയ വിദ്വേഷപരമായ പ്രവർത്തനങ്ങൾക്ക് തടസ്സമേർപ്പെടുത്തിയും അനുമതി നിഷേധിച്ചും ഇന്ത്യയിലെ ഫാസിസ്രറ് ഭരണകൂടത്തിന് ശക്തമായ താക്കീത് നൽകാനും മമത ബാനർജി മുന്നോട്ടുവന്നിട്ടുണ്ട്. പൊതുവിൽ സംഘപരിവാറിന്റെ ജനവിരുദ്ധ വർഗീയ നിലപാടുകൾക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ തൃണമൂൽ കോൺഗ്രസിന്റെ എംപിമാർ കാണിക്കുന്ന ജാഗ്രത ശ്ലാഘനീയമാണ്.

അഖിലേന്ത്യാടിസ്ഥാനത്തിൽ വളർന്നുവരുന്ന ഹിന്ദുത്വ ഫാസിസത്തിനെതിരായ പോരാട്ടത്തിൽ മമതാബാനർജിയുടെ നേതൃത്വത്തെ ബംഗാളിലെ മുസ്ലീംങ്ങൾ ഉൾപ്പെടെയുള്ള മതേതര സമൂഹം നിറഞ്ഞ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്.
കേരളത്തിൽ പിണറായി വിജയന്റെ കുടുംബാധിപത്യത്തിനെതിരെയും ഹിന്ദുത്വനിലപാട് സ്വീകരിക്കുന്ന സിപിഎമ്മിന്റെ വർഗീയ നിലപാടുകളോടും എതിരിട്ടുനിൽക്കാൻ ഇത്തരമൊരു രാഷ്ട്രീയ മുന്നേറ്റം സമകാലിക കേരളവും ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ തൃണമൂലിന്റെ കേരളത്തിലെ രൂപീകരണം കേരളത്തിലെ ഫാസിസ്റ്റ് വിരുദ്ധശക്തികളേയും ന്യൂനപക്ഷങ്ങളേയും ഒരേ ചരടിൽ കോർക്കാനുതകുന്ന തരത്തിലായിരിക്കുമെന്ന ശരിയായ തിരിച്ചറിവാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നയിച്ചത്.
അഖിലേന്ത്യാടിസ്ഥാനത്തിൽ ഇന്ത്യാമുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുന്ന കേരളത്തിലെ യുഡിഎഫിന്റെകൂടി ഭാഗമായി പ്രവർത്തിക്കുകയെന്നാണ് പാർട്ടിയുടെ തീരുമാനം.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മനുഷ്യരുടെ അവസ്ഥ സംബന്ധിച്ചും സർഫാസിയുൾപ്പെടെയുള്ള ജനവിരുദ്ധ നടപടികൾക്കെതിരായും പാർലമെന്റിൽ നിലപാടുകളെടുക്കാമെന്നുമുള്ള ഉറപ്പുകൾ തൃണമൂൽ നേതൃത്വം നൽകിയിട്ടുണ്ട്.

തൃണമൂൽ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി യോഗം എന്നെ സംസ്ഥാനത്തിന്റെ ചുമതലയുള്ള കോഓർഡിനേറ്ററായി ഇതിനകം നിയമിച്ചു കഴിഞ്ഞു. സംസ്ഥാനാടിസ്ഥാനത്തിൽ വിവിധ തലത്തിലുള്ള കമ്മറ്റികൾ രൂപീകരിക്കുകയും പ്രവർത്തനങ്ങൾ വിപുലപ്പെത്തുകയും ചെയ്യുകെന്നതാണ് അടുത്ത ഘട്ടം. അതിന്റെ ഭാഗമായി വരും മാസങ്ങളിൽ കേരളത്തിൽ നടക്കുന്ന വിവിധ റാലികളിൽ പാർട്ടി നേതാക്കളായ മമതാ ബാനർജി, മെഹുവാ മൊയ്ത്ര ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
നിലവിൽ നിലമ്പൂർ എം.എൽ.എ സ്ഥാനം രാജിവെച്ച് പൂർണസമയം തൃണമൂൽ കോൺഗ്രസിന്റെ സംഘാടനത്തിനുവേണ്ടി ചിലവഴിക്കാനാണ് തീരുമാനം. നിലമ്പൂരിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് നിരുപാധിക പിന്തുണയും നൽകുന്നു. നേരത്തേ നിങ്ങൾ നൽകിയ സഹായ സഹകരണങ്ങൾ പുതിയ പ്രസ്ഥാനത്തിനും നൽകണമെന്നും അഭ്യർഥിക്കുന്നു.
അതിശക്തമായ രാഷ്ട്രീയമുന്നേറ്റത്തിനാണ് വരുംനാളുകളിൽ കേരളം സാക്ഷ്യംവഹിക്കാൻ പോകുന്നത്.

TAGS: PV ANWAR, LATEST NEWS, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.