പാലക്കാട്: ജില്ല അതിർത്തികളിലെ മോട്ടോർ വാഹന ചെക്ക് പോസ്റ്റുകളിൽ വീണ്ടും വിജിലൻസിന്റെ മിന്നൽ പരിശോധന. 1,77,490 രൂപ പിടികൂടി. പാലക്കാട് വി.എ.സി.ബി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്.ഷംസുദ്ദീന്റെ നേതൃത്വത്തിൽ ഞായറാഴ്ച്ച രാത്രി 10 മുതൽ തിങ്കളാഴ്ച്ച പുലർച്ച മൂന്ന് മണി വരെ നീണ്ടുനിന്ന പരിശോധനയിലാണ് 1.77 ലക്ഷം പിടികൂടിയത്. 30 വിജിലൻസ് ഉദ്യോഗസഥരും 5 ഗസറ്റഡ് ഉദ്യോഗസ്ഥരുമടങ്ങിയ സംഘം അഞ്ചു ടീമായി വാളയാർ ഇൻ, വാളയാർ ഔട്ട്, ഗോപാലപുരം, നടുപ്പുണി, ഗോവിന്ദാപുരം എന്നീ മോട്ടോർ വാഹന ചെക്ക് പോസ്റ്റുകളിലാണ് പരിശോധന നടത്തിയത്. വെള്ളിയാഴ്ച ഇതേ ചെക്ക് പോസ്റ്റുകളിൽ രാത്രി 11 മണി മുതൽ പുലർച്ച മൂന്ന് മണി വരെ വിജിലൻസ് പരിശോധന നടത്തിയതിൽ 1,49,490 രൂപ പിടിച്ചെടുത്തിരുന്നു.
വാളയാർ ഇൻ മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ നിന്നും എ.എം.വി.ഐ സിബി ഡിക്രൂസിന്റെ കൈയിൽ നിന്നും കണക്കിൽപ്പെടാത്ത 6200 രൂപയടക്കം 1,27,490 രൂപയാണ് പിടിച്ചെടുത്തത്. വാളയാർ ഔട്ട് മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ നിന്നുംം 10,500 രൂപയും. ഗോപാലപുരത്ത് നടത്തിയ പരിശോധനയിൽ 21,110 രൂപയും, ഗോവിന്ദാപുരത്ത് നടത്തിയ പരിശോധനയിൽ 10,550 രൂപയും, നടുപ്പുണി ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 7840 രൂപയുമുൾപ്പടെ 1,77,490 രൂപ വിജിലൻസ് പിടികൂടി.
ശബരിമല മകരവിളക്ക് ആയതിനാൽ അതിർത്തി കടന്നുവരുന്ന തീർത്ഥാടകരുടെ വാഹനങ്ങളുടെ തിരക്ക് കൂടുതലാണ്. ഓരോ വാഹനങ്ങൾക്കും നിശ്ചിത തുകയാണ് മാമൂലായി വാങ്ങുന്നത്. അതിർത്തി കടന്നു വരുന്ന കരിങ്കല്ല് കയറ്റി വരുന്ന വാഹനങ്ങൾക്കും മറ്റ് ചരക്ക് വാഹനങ്ങൾക്കും പരിശോധനയോ പിഴയോ കൂടാതെ മാമൂൽ വാങ്ങി അതിർത്തി കടത്തിവിടുന്നതായി പരാതി ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |