SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.08 PM IST

സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തൽ; ടി.പിയുടെ പോക്കറ്റിൽ കണ്ടത് എന്റെ മകന്റെ വിവാഹത്തിന് വരാനെടുത്ത ട്രെയിൻ ടിക്കറ്റ്

Increase Font Size Decrease Font Size Print Page

suresh-kurup-


രമയെ കണ്ടപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു

തിരുവനന്തപുരം. ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ പൊലീസ് അദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്ന് കണ്ടെടുത്ത കോട്ടയത്തേക്കുള്ള ട്രെയിൻ ടിക്കറ്റ് തന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി എടുത്തതായിരുന്നുവെന്ന് സി.പി.എം നേതാവ് കെ.സുരേഷ് കുറുപ്പ് വെളിപ്പെടുത്തി. ടി.പിയെക്കുറിച്ചുള്ള ചോദ്യത്തിന് 'കേരളകൗമുദി'യോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഞങ്ങൾ ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു. ദൈനംദിന കോൺടാക്ട് ഇടയ്ക്ക് ഇല്ലായിരുന്നെങ്കിലും എന്റെ മകന്റെ വിവാഹത്തിന് ഞാൻ ടി.പിയെ ക്ഷണിച്ചു. കോഴിക്കോട് എം.എൽ.എയായിരുന്ന പ്രദീപ് കുമാറിന്റെ വീട്ടിൽവച്ച് ഫോണിൽ വിളിക്കുകയായിരുന്നു. അന്ന് ഞങ്ങൾ ഒരുപാട് തമാശകൾ പറഞ്ഞു ചിരിച്ചു. മകന്റെ വിവാഹത്തിൽ പങ്കെടുക്കുമോയെന്ന് ഞാൻ ചോദിച്ചു. വരുമെന്നായിരുന്നു സ്നേഹപൂർവമുള്ള മറുപടി.

പിന്നെ ഒരു ദിവസം രാവിലെ പത്രം എടുത്തു നോക്കുമ്പോൾ ഈ കൊലപാതക വാർത്തയാണ് കണ്ടത്. ഞാൻ തളർന്നിരുന്നു പോയി. അന്ന് പോകാൻ കഴിഞ്ഞില്ല. പിന്നീട് പല കാരണങ്ങളാൽ പോകാനായില്ല. ചന്ദ്രശേഖരനുമായി അടുപ്പമുള്ള താനും എസ്.ശർമയുമൊന്നും തിരിഞ്ഞു നോക്കിയില്ലെന്ന് കെ.കെ.രമ എവിടെയോ പ്രതികരിച്ചതായി അറിഞ്ഞു.

സി.പി.ജോണിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പിന്നീട് ഞാൻ കുടുംബസമേതം തിരുവനന്തപുരത്ത് വന്നു. എഴുത്തുകാരനായ എസ്.ഗോപാലകൃഷ്ണനുമായി ഞാൻ സംസാരിക്കുന്നതിനിടെ രമ അവിടെ ഒരുഭാഗത്ത് സൈമൺ ബ്രിട്ടോയോട് സംസാരിച്ചു നിൽക്കുന്നുവെന്നും അച്ഛൻ പോയി കാണുന്നില്ലേയെന്നും മകൻ ചോദിച്ചു. ഉടൻ ഭാര്യയെയും മക്കളെയും കൂട്ടി ഞാൻ രമയുടെ അടുത്തു ചെന്നു. രമയെ കണ്ടപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു പോയി'- കുറുപ്പ് പറ‌ഞ്ഞു.

ടി.പിയുടെ കൊലപാതകത്തിൽ

അന്നും ഇന്നും ഹൃദയ വേദന

ചന്ദ്രശേഖരന്റെ കൊലയിൽ അത്രമാത്രം ഹൃദയവേദന അന്നും ഇന്നും ഉണ്ട്. എന്റെ മകന്റെ വിവാഹത്തിനു വരാൻ തീരുമാനിച്ചാണ് അവൻ ടിക്കറ്റെടുത്തത്. കൊല്ലപ്പെട്ടപ്പോൾ ഷർട്ടിന്റെ പോക്കറ്റിൽ കണ്ട ആ ട്രെയിൻ ടിക്കറ്റ് പൊലീസ് തൊണ്ടിയായി രേഖപ്പെടുത്തിയിരുന്നു. ഇന്നും അതോർക്കുമ്പോൾ ദു:ഖമടക്കാനാവില്ലെന്നും കുറുപ്പ് പറ‌ഞ്ഞു.ഈ മാസം 24ന് വടകരയിൽ നടക്കുന്ന ടി.പി.ചന്ദ്രശേഖരന്റെയും കെ.കെ.രമയുടെയും മകൻ അഭിനന്ദിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നില്ലേയെന്നു ചോദിച്ചപ്പോഴാണ് കുറുപ്പ് പഴയ സംഭവങ്ങൾ ഓർത്തെടുത്തത്. തീർച്ചയായും പോകുമെന്ന് മറുപടിയും നൽകി.

സി.പി.എം കോട്ടയം ജില്ലാ ഘടകത്തിൽ നിന്ന് സ്വമേധയാ ഒഴിഞ്ഞതെന്തെന്ന് പാർട്ടി സംസ്ഥാന നേതൃത്വത്തിലെ ആരും ഇതുവരെ ചോദിച്ചില്ലെന്ന് സുരേഷ് കുറുപ്പ് കൗമുദി ടിവിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

TAGS: SURESH KURUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY