തിരുവനന്തപുരം:സംസ്ഥാനത്ത് വർഗീയ ചേരിതിരവുണ്ടാക്കുകയെന്ന സംഘപരിവാർ അജൻഡയ്ക്ക് സി.പി.എം കുട പിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. പി.ബി അംഗമായ എ. വിജയരാഘവന്റെ വർഗീയ പരാമർശത്തെ സി.പി.എമ്മും പിന്തുണച്ചിരിക്കുന്നു. സംഘ്പരിവാറിനെ പോലും നാണിപ്പിക്കുന്ന തരത്തിൽ ഭൂരിപക്ഷ വർഗീയ പ്രീണനവുമായി സി.പി.എം ഇറങ്ങിയിരിക്കുകയാണ്. വയനാട്ടിൽ പ്രിയങ്കഗാന്ധി വിജയിച്ചത് തീവ്രവാദികളുടെ വേട്ട് കൊണ്ടാണെന്ന് പറയുന്നത് വയനാട്ടിലെ ജനങ്ങളെ അപമാനിക്കലാണ്.
സംഘ്പരിവാറിനെ സന്തോഷിപ്പിക്കാനാണ് സി.പി.എമ്മും പിണറായി വിജയനും ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നത്. . .
മൂന്നു പതിറ്റാണ്ടു കാലം ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ എൽ.ഡി.എഫിനായിരുന്നു.അവർ എന്നു മുതലാണ് സി.പി.എമ്മിന് വർഗീയവാദികളായത്?. എത്രയോ സ്ഥലങ്ങളിൽ എസ്.ഡി.പി.ഐയുമായി സി.പി.എം ധാരണയുണ്ടാക്കി. ഒപ്പം നിൽക്കുമ്പോൾ മതേതര പാർട്ടിയും പുറത്തു പോയാൽ വർഗീയ പാർട്ടിയുമെന്ന നിലപാട് ശരിയല്ല.
പാലക്കാട് നല്ലേപ്പള്ളി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തിയത് സംഘപരിവാറാണ്. ആട്ടിൻ തോലിട്ട ചെന്നായ്‌ക്കെളെ പോലെ ക്രിസ്മസ് കാലത്ത് കേക്കുകളുമായി ക്രൈസ്തവ ഭവനങ്ങളിലേക്ക് പോകുന്ന സംഘ്പരിവാറിന്റെ യഥാർത്ഥ മുഖമാണ് സ്‌കൂളിൽ കണ്ടത്
.
വിമർശകർക്ക് മറുപടിയില്ല തന്നെ വിമർശിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും വിമർശിക്കുന്നവർക്കെല്ലാം വ്യക്തിപരമായി മറുപടി നൽകാനാകില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.ഒരു മതസംഘടനകളുമായും യു.ഡി.എഫിന് പ്രശ്നമില്ല. അവരുടെ ന്യായമായ ആവശ്യങ്ങൾക്ക് ഒപ്പം നിൽക്കും. രാഷ്ട്രീയവും മതവും കൂട്ടിക്കലർത്താൻ അനുവദിക്കില്ലെന്നതാണ് നിലപാട്. ന്യൂനപക്ഷ വർഗീയതയ്ക്കും ഭൂരിപക്ഷ വർഗീയതയ്ക്കും എതിരെ സ്വീകരിച്ചിരിക്കുന്ന നിലപാടിൽ ജീവനുള്ളിടത്തോളം വെള്ളം ചേർക്കില്ല. പ്രതിപക്ഷ നേതാവായതിനു ശേഷം താൻ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലാത്ത ആൾ തനിക്കെതിരെ പറയുന്നതിൽ ഒരു കുഴപ്പവുമില്ല. . പ്രതിപക്ഷ നേതാവിനെ എല്ലാവർക്കും വിമർശിക്കാൻ അധികാരമുണ്ട്. അതാണോ അഹങ്കാരം? വിമർശിച്ചവരുടെ മെക്കിട്ടു കയറുന്നതല്ലേ അഹങ്കാരം. വിമർശനത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ടയാണോ വ്യക്തിപരമായി ഇല്ലാതാക്കാനുള്ള ശ്രമമാണോ എന്നൊക്കെ പൊതുസമൂഹം വിലയിരുത്തട്ടെ- സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |