തിരുവനന്തപുരം: പത്താം വയസിൽ ഒപ്പനച്ചുവടും ഈണവും പഠിപ്പിച്ച അദ്ധ്യാപകൻ ഇന്ന് അൽഫിയയുടെ (25) 'എതിരാളിയാണ്". സംസ്ഥാന കലോത്സവ വേദിയിലെ പ്രായം കുറഞ്ഞ ഒപ്പനാദ്ധ്യാപികയാണ് കുട്ടികളുടെ പ്രിയപ്പെട്ട ഈ 'കുഞ്ഞിത്ത".
അഞ്ചാം ക്ലാസിൽ അൽഫിയയെ ഒപ്പന പഠിപ്പിച്ച അദ്ധ്യാപകൻ അബ്ദുള്ള എടറിക്കോടാണ് 15 വർഷങ്ങൾക്കിപ്പുറം പഴയ ശിഷ്യയുടെ മുന്നിൽ എതിരാളിയായത്. കൊല്ലം തഴവ എ.വി.സി.എച്ച്.എസിൽ വച്ചാണ് അബ്ദുള്ള മാഷ് അൽഫിയയെ ഒപ്പന പഠിപ്പിച്ചത്. ഇതേ സ്‌കൂളിലെ ടീം അൽഫിയയുടെ ശിക്ഷണത്തിൽ കലോത്സവത്തിനെത്തിയിട്ടുണ്ട്. അബ്ദുള്ള പരിശീലിപ്പിച്ച പാലക്കാട്ടെ സംഘവും മത്സരിക്കുന്നുണ്ട്. വിവിധ ജില്ലകളിലെ മൂന്ന് ടീമുകളിലായി ഹയർ സെക്കൻഡറി വിഭാഗത്തിൽ അൽഫിയ പഠിപ്പിച്ച 30 കുട്ടികളാണ് മത്സരിക്കുന്നത്. സ്‌കൂളിൽ വച്ച് ഒപ്പന പാട്ടുകാരിയായിരുന്നു അൽഫിയ. മൂന്നുവർഷം തുടർച്ചയായി സംസ്ഥാന കലോത്സവത്തിൽ ഒപ്പനയ്‌ക്ക് എ ഗ്രേഡും നേടി. കുട്ടികളെ പാട്ട് പഠിപ്പിക്കുന്നത് മുതൽ കോസ്റ്റുംസ് അണിയിക്കുന്നത് വരെ അൽഫിയയാത്. ഒപ്പനയുടെ പാട്ടിന് ഈണമിട്ടതും അൽഫിയ തന്നെ. നാസർ മേച്ചേരിയുടേതാണ് വരികൾ.
പ്ലസ് ടു കഴിഞ്ഞ് പരിശീലകയായി
പ്ലസ്ടു കഴിഞ്ഞാണ് കലോത്സവങ്ങൾക്കായി ഒപ്പന പരിശീലിപ്പിക്കാൻ തുടങ്ങിയത്. ഇതിലൂടെ സ്വന്തംകാലിൽ നിന്ന് കൂലിപ്പണിക്കാരനായ അച്ഛൻ നിസാറിനെയും അമ്മ സലീനയെയും സഹായിക്കാനുമായി. എം.എസ്.എം കോളേജിൽ നിന്നാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. കൊല്ലം ഗവ എച്ച്.എസ്.എസ്, ആലപ്പുഴ എസ്.എൻ.ഡി.പി സാൻസ്ക്രിറ്റ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ ടീമുകളെയും ഇക്കുറി പരിശീലിപ്പിച്ചു. തഴവയിലാണ് താമസം. കോൽകളി പരിശീലകരായ ആഷിക്ക്, അമൽ എന്നിവർ സഹോദരങ്ങളാണ്. ആഷിക്കിന്റെ ഭാര്യ ഹിസാനയുടെ പിന്തുണയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |