തിരുവനന്തപുരം: അന്ന് രണ്ടു പ്രാവശ്യമാണ് ശ്രീലക്ഷ്മി കുച്ചുപ്പുടി വേദിയിൽ കുഴഞ്ഞുവീണത്. എന്നാൽ ഇന്നലെ ടാഗോർ തിയേറ്ററിൽ നടന്ന എച്ച്.എസ് വിഭാഗം കുച്ചുപ്പുടിയിൽ എ ഗ്രേഡോടെ വിജയിച്ചപ്പോൾ ബാലുശേരി, കുറുമ്പൊയിൽ, ശ്രീവൽസം ഹൗസിൽ ശ്രീലക്ഷ്മിയുടെ മിഴികൾ നിറഞ്ഞു.
ബാലുശേരി സബ് ജില്ലയിൽ എച്ച്.എസ് വിഭാഗം കുച്ചിപ്പുടി മത്സരത്തിനിടെയാണ് പനിയെ തുടർന്നുണ്ടായ ശ്വാസകോശ അണുബാധ ഈ ഒമ്പതാം ക്ലാസുകാരിയെ തളർത്തിയത്.
ആദ്യം തളർന്ന് വീണപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയി. തിരിച്ച് വീണ്ടും വേദിയിലെത്തിയെങ്കിലും പിന്നെയും തളർന്നുവീണു. നൃത്തം പൂർത്തിയാക്കിയില്ലെങ്കിലും പ്രകടനം ഗംഭീരമാണെന്ന് വിധികർത്താക്കൾ ഉൾപ്പടെ പറഞ്ഞു. പക്ഷേ എന്ത് ചെയ്യണമെന്നറിയാതെ അമ്മ ഷിജി വിങ്ങിപ്പൊട്ടി.
പ്രതീക്ഷയറ്റ ആ വീഴ്ചയിൽ തുണയായി പ്രിയ അദ്ധ്യാപകൻ ശബരീഷും കുടുംബവുമെത്തിയതോടെ ശ്രീലക്ഷ്മി ഉഷാറായി. തുടർന്ന് അപ്പീൽ കൊടുത്ത് അനുകൂല വിധി നേടി. ജില്ലയിൽ മത്സരിക്കാനൊരുങ്ങിയപ്പോൾ സാമ്പത്തികം വില്ലനായി. നന്നായി കളിക്കേണ്ടിയിരുന്നില്ല എന്നുപോലും തോന്നിപ്പോയ നിമിഷങ്ങൾ. മനസുലഞ്ഞ ശ്രീലക്ഷ്മിയെ നൃത്താദ്ധ്യാപകൻ ശബരീഷും നൃത്ത അദ്ധ്യാപികയും ഭാര്യയുമായ രഞ്ജിനിയും മകൾ ദേവനന്ദയും ചേർത്തുപിടിച്ചു. ഫീസ് വാങ്ങാതെ പഠിപ്പിച്ചതിന് പുറമേ നൃത്തത്തിനായുള്ള സകല ചെലവും അദ്ധ്യാപകൻ വഹിച്ചു.
'അപ്പീൽ നൽകി ശ്രീലക്ഷ്മി ജില്ലയിൽ മത്സരിച്ചപ്പോൾ ഏറ്റവുമധികം സന്തോഷിച്ചത് ഞങ്ങളാണ്. എന്റെ ദേവനന്ദയെ പോലെ തന്നെയല്ലേ ശ്രീലക്ഷ്മിയും"- പ്രിയ ശിഷ്യയെ ചേർത്ത് നിറുത്തി ശബരീഷ് പറഞ്ഞു.
ശ്രീലക്ഷ്മിയുടെ അച്ഛൻ രഞ്ജിത്ത് ഡ്രൈവറാണ്. അമ്മ ഷിജി സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയും. ബാലുശേരി ഹയർ സെക്കൻഡറി ഗേൾസ് സ്‌കൂൾ വിദ്യാർത്ഥിയാണ് ശ്രീലക്ഷ്മി.
മൂന്നു വയസുമുതൽ നൃത്താഭ്യാസം
ബാലുശേരിക്കാരായ ശബരീഷും ഭാര്യയും ചേർന്നാണ് മൂന്ന് വയസ് മുതൽ ശ്രീലക്ഷ്മിയെ നൃത്തം അഭ്യസിപ്പിക്കുന്നത്. ശ്രീലക്ഷ്മിയുടെ സഹോദരി ശ്രീദേവിയെയും നൃത്തം അഭ്യസിപ്പിച്ചിട്ടുണ്ട്. ശബരീഷ് 30 വർഷമായി കലോത്സവ വേദികളിൽ സജീവമാണ്. സരസ്വതി വിദ്യാ മന്ദിർ സ്‌കൂളിലെ അദ്ധ്യാപകനാണ്. ഇതിൽ നിന്ന് മിച്ചം പിടിക്കുന്ന തുകയ്‌ക്കാണ് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |