
പാലക്കാട്: ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാൻ സർക്കാർ പ്രാഥമികാനുമതി നൽകിയെന്ന വിവരം അറിഞ്ഞില്ലെന്ന എലപ്പുള്ളി പഞ്ചായത്തിന്റെ വാദം പൊളിയുന്നു. അനുമതിയുമായി ബന്ധപ്പെട്ട് 2024 ഫെബ്രുവരി 26ന് കെ.എസ്.ഐ.ഡി.സി വിളിച്ച ഓൺലൈൻ യോഗത്തിൽ പഞ്ചായത്തിന്റെ പ്രതിനിധി പങ്കെടുത്തിരുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച യോഗത്തിന്റെ മിനിട്ട്സ് പുറത്തുവന്നു.
ബ്രൂവറി നിർമ്മാണം പഞ്ചായത്തിനെ അറിയിച്ചിട്ടില്ലെന്ന വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് രേഖകൾ. പദ്ധതിയുടെ പൂർണരൂപവും മിനിട്ട്സിൽ വ്യക്തമാക്കിയിട്ടുണ്ട്. എഥനോൾ, ഇ.എൻ.എ, ഐ.എം.എഫ് ബോട്ട്ലിംഗ് യൂണിറ്റ്, ബ്രൂവറി, മാൾട്ട യൂണിറ്റ് എന്നിവ ആരംഭിക്കുമെന്നും ഭൂമി തരംമാറ്റി നൽകാൻ ആർ.ഡി.ഒയ്ക്ക് നിർദ്ദേശം നൽകിയതായും മിനിട്ട്സിൽ വ്യക്തമാക്കിയിട്ടുണ്ട്.
2024 ഫെബ്രുവരി 14ന് കെ.എസ്.ഐ.ഡി.സിയിൽ നിന്ന് ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കാനുള്ള നിർദ്ദേശം പഞ്ചായത്തിന് ലഭിച്ചിരുന്നു. 26ന് നടക്കുന്ന മീറ്റിംഗിന്റെ അജൻഡ എലപ്പുള്ളിയിൽ ഒയാസിസ് കമ്പനി ആരംഭിക്കാനിരിക്കുന്ന ബ്രൂവറി സംബന്ധിച്ചാണെന്നും വ്യക്തമാക്കിയിരുന്നു.
അതേസമയം, താൻ യോഗത്തിൽ പങ്കെടുത്തില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി മാദ്ധ്യമങ്ങളോട് പറഞ്ഞു. തനിക്കുപകരം അസിസ്റ്റന്റ് സെക്രട്ടറിയാണ് പങ്കെടുത്തത്. തന്റെ അവധി വിവരം കെ.എസ്.ഐ.ഡി.സി അധികൃതരെ അറിയിച്ചിരുന്നു. ബ്രൂവറി, ഡിസ്റ്റിലറി എന്നിവ കത്തിൽ ഉണ്ടായിരുന്നില്ല. കെ.എസ്.ഐ.ഡി.സിയുടെ ഒഫിഷ്യൽ മെയിലിൽ നിന്നല്ല തനിക്ക് കത്ത് ലഭിച്ചത്. ലിജു ജോൺ എന്ന ഇ മെയിൽ ഐഡിയിൽ നിന്നാണ് ലഭിച്ചത്. യോഗവിവരം മാത്രമാണ് കത്തിൽ ഉണ്ടായിരുന്നത്. പഞ്ചായത്തിന്റെ നടപടികൾ ആവശ്യമില്ലാത്തതുകൊണ്ടാണ് ഭരണസമിതിയെ അറിയിക്കാതിരുന്നത്. ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |