
കോഴിക്കോട്: ഗോഡ്‌സെയെ പ്രകീർത്തിച്ച് സാമൂഹ്യമാദ്ധ്യമത്തിൽ കമന്റിട്ട എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവന് ഡീനായി സ്ഥാനക്കയറ്റം നൽകിയതിൽ പ്രതിഷേധം. കാലിക്കറ്റ് എൻ.ഐ.ടി പ്ലാനിംഗ് ആന്റ് ഡെവലപ്മെന്റ് ഡീനായി ഷൈജ ആണ്ടവനെ നിയമിച്ചുകൊണ്ട് ഇന്നലെയാണ് ഉത്തരവിറക്കിയത്. വകുപ്പ് മേധാവി പോലും ആകാത്ത ഷൈജയെ സീനിയോറിറ്റി മറികടന്നാണ് നിയമിച്ചതെന്നും പരാതി ഉയർന്നു.
എൻ.ഐ.ടി അധികൃതർ പ്രതികരിച്ചിട്ടില്ല.
2024 ജനുവരിയിൽ ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സാമൂഹികമാദ്ധ്യമത്തിൽ വന്ന പോസ്റ്റിന് താഴെയാണ് ഷൈജ ആണ്ടവൻ ഗോഡ്‌സെയെ പ്രകീർത്തിച്ച് കമന്റിട്ടത്. പിന്നാലെ വലിയ പ്രതിഷേധവും ഉയർന്നു. വിദ്യാർത്ഥി സംഘടനകളുടെ പരാതിയിൽ കുന്ദമംഗലം പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വിദേശത്തേക്ക് പോയ ഇവർ ഈയിടെയാണ് തിരിച്ചെത്തിയത്. സർവീസിൽ നിന്ന് പിരിച്ചുവിടേണ്ട വ്യക്തിക്ക് സ്ഥാനക്കയറ്റം നൽകിയ നടപടി പ്രതിഷേധാർഹമാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. ഗാന്ധിനിന്ദ നടത്തിയവർക്ക് സ്ഥാനക്കയറ്റം നൽകിയതിനെതിരെ എൻ.ഐ.ടിക്ക് മുന്നിൽ പ്രതിഷേധം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ പറഞ്ഞു.
ഉത്തരവ് പിൻവലിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |