
ഹൈദരാബാദ്: തെരുവുനായ വിഷയത്തിൽ സുപ്രീം കോടതിയിൽ വാദം തുടരവേ തെലങ്കാനയിൽ തെരുവുനായ്‌ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതായി പരാതി. തെലങ്കാനയിൽ കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ 500 തെരുവുനായ്‌ക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അടുത്തിടെ നടന്ന ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ക്രൂരത നടന്നതെന്നാണ് വിവരം. കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിന് മുമ്പ് ചില സ്ഥാനാർത്ഥികൾ തെരുവ് നായ്ക്കളുടെയും കുരങ്ങുകളുടെയും ശല്യം പരിഹരിക്കുമെന്ന് ഗ്രാമീണർക്ക് വാഗ്ദാനം നൽകിയിരുന്നു.
മൃഗക്ഷേമ പ്രവർത്തകനായ ആടുലാപുരം ഗൗതം നൽകിയ പരാതിയിലാണ് സംസ്ഥാനത്തുനടന്ന ക്രൂരത വ്യക്തമാക്കുന്നത്. ഗൗതം ജനുവരി 12ന് നൽകിയ പരാതി പ്രകാരം ഭവാനിപ്പേട്ട്, പൽവാഞ്ച, ഫരീദ്‌പേട്ട്, വാഡി, ഭണ്ടാരമേശ്വരപ്പള്ളി തുടങ്ങിയ ഗ്രാമങ്ങളിലാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 200ൽ അധികം നായ്‌ക്കളാണ് കൊല്ലപ്പെട്ടത്. ജനുവരി 12ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് വിവരം ലഭിച്ചതെന്നും ഗ്രാമത്തലവന്മാരുടെ സാന്നിദ്ധ്യത്തിലാണ് കൂട്ടക്കൊല നടന്നതെന്നും പരാതിയിൽ ആരോപിക്കുന്നു.
സംഭവത്തിൽ അഞ്ച് ഗ്രാമത്തലവന്മാരടക്കം ആറുപേർ അറസ്റ്റിലായി. കൊല നടത്താൻ ഇവർ ഏർപ്പാടാക്കിയ കിഷോർ പാണ്ഡെ എന്നയാളും അറസ്റ്റിലായി. നായ്ക്കളെ വിഷം കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. ഭവാനിപേട്ട് ഗ്രാമം സന്ദർശിച്ചപ്പോൾ ഒരു ക്ഷേത്രത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ നിരവധി നായ്ക്കളുടെ ജഡങ്ങൾ കണ്ടെത്തിയതായും ഗൗതമിന്റെ പരാതിയിലുണ്ട്. പരാതിയുടെ പരാതിയിൽ പോസ്റ്റുമോർട്ടത്തിനായി നായ്‌ക്കളുടെ മൃതദേഹങ്ങൾ പുറത്തെടുത്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |