
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായത് നിയമസഭയുടെ അന്തസിനെ ബാധിക്കില്ലെന്ന് സ്‌പീക്കർ എ എൻ ഷംസീർ. രാഹുലിനെ അയോഗ്യനാക്കണമെങ്കിൽ നിയമസഭാംഗങ്ങളിൽ ആരെങ്കിലുമൊരാൾ പരാതി നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിന്റെ രാജിയുമായി ബന്ധപ്പെട്ട് ഇന്ന് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വകാര്യ പരാതികൾ ലഭിച്ചിട്ടുണ്ട്. എംഎൽഎ സ്ഥാനത്ത് നിന്ന് രാഹുലിനെ അയോഗ്യനാക്കണമെങ്കിൽ നിയമസഭാംഗം പരാതി നൽകേണ്ടതുണ്ട്. പ്രിവിലേജസ് ആന്റ് എത്തിക്സ് കമ്മിറ്റിക്ക് പരാതി കൈമാറണമെങ്കിൽ നിയമസഭാംഗങ്ങളിൽ ആരെങ്കിലും ഒരാള്‍ പരാതി നൽകണം. അത്തരത്തിലൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ല. രാഹുൽ മാങ്കൂട്ടത്തില്‍ ബലാത്സംഗ കേസിൽ അറസ്റ്റിലായത് സഭയുടെ അന്തസിനെ ബാധിക്കില്ല.
സഭയുടെ അന്തസിന് എങ്ങനെയാണ് ഇത് കളങ്കമാകുക? വ്യക്തികളല്ല സഭയുടെ അന്തസ് തീരുമാനിക്കുക. ഒരു കൊട്ടയിലെ ഒരു മാങ്ങ കെട്ടാൽ എല്ലാം മോശമായി എന്ന് പറയാൻ കഴിയില്ലല്ലോ. സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണം, അല്ലെങ്കിൽ പഠിപ്പിക്കണം. ചില സാമാജികരുടെ ഭാഗത്ത് തെറ്റുണ്ടായാൽ എല്ലാവരെയും മോശമാക്കരുതെന്നും ജനം നല്ല പെരുമാറ്റം പ്രതീക്ഷിക്കുന്നുണ്ട്'- സ്പീക്കർ കൂട്ടിച്ചേർത്തു.
അതേസമയം, മൂന്നാം ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡിയിൽ വാങ്ങിയ രാഹുലിനെ തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തു. 15 മിനിട്ടുകൊണ്ടാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. ബലാത്സംഗം നടന്നുവെന്ന് പരാതിയിൽ പറയുന്ന 408-ാം നമ്പർ മുറിയിലായിരുന്നു തെളിവെടുപ്പ്. ഹോട്ടലിലെ രജിസ്റ്ററിൽ നിന്നുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഹോട്ടലും മുറിയും രാഹുൽ തിരിച്ചറിഞ്ഞിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |