തിരുവനന്തപുരം: കുട്ടികളിലടക്കം അക്രമവാസന വളർത്തുന്ന വയലൻസ് നിറഞ്ഞ ഓൺലൈൻ ഗെയിമുകൾ നിരോധിക്കണമെന്ന് കേരള പൊലീസ്. ഇതുസംബന്ധിച്ച ശുപാർശ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു. ഇത് പരിഗണിച്ച് കേന്ദ്രം നടപടിയെടുക്കും.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ആപ്പുകൾ നിരോധിക്കണമെന്ന് നേരത്തെ കേരള പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് അറുപതോളം ആപ്പുകൾ നിരോധിച്ചിരുന്നു. ഈ മാതൃകയിലാകും ഇതിലും നടപടി. കുട്ടികളെ ബാധിക്കുന്നതും ആസക്തി വളർത്തുന്നതുമായ ഗെയിമുകൾ നിരോധിക്കാൻ കേന്ദ്രനിയമമുണ്ട്.
ആളുകളെ കൊല്ലാനും ആക്രമിക്കാനും പഠിപ്പിക്കുന്നതും ലഹരിയുപയോഗം മഹത്വവത്കരിക്കുന്നതുമായ വിദേശ ഗെയിമുകൾക്കെതിരെയാകും നടപടി. ഇത്തരം ഗെയിമുകൾ ജനങ്ങൾക്കുണ്ടാക്കുന്ന വിപത്തുകൾ മുൻനിറുത്തിയാവും നിരോധനം.
പ്രത്യേക സൈബർ സംഘത്തെ നിയോഗിച്ച് പൈശാചിക ഗെയിമുകൾ ഏതൊക്കെയാണെന്ന് കണ്ടെത്തിയാണ് അവ നിരോധിക്കാനുള്ള ശുപാർശ കേന്ദ്രത്തിന് നൽകിയത്. പൈശാചിക ഗെയിമുകളെക്കുറിച്ച് ചൊവ്വാഴ്ച 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് പൊലീസ് നടപടി.
പൈശാചിക രംഗങ്ങളുള്ള ഗെയിമുകൾ കുട്ടികളെ അക്രമത്തിനും ലഹരിക്കും അടിമകളാക്കുന്നുവെന്ന് കാട്ടിയാണ് പൊലീസ് ശുപാർശ. കേരളത്തിൽ അടുത്തിടെയുണ്ടായ കൂട്ടക്കൊലകളുടെയും അക്രമങ്ങളുടെയും വിവരങ്ങൾ സഹിതമാണ് നൽകിയത്.
സാമൂഹ്യ സുരക്ഷയ്ക്ക് അപകടം
1.പൈശാചിക ഗെയിമുകൾ കുട്ടികളിൽ ഗുരുതരമായ മാനസിക പ്രശ്നങ്ങളുണ്ടാക്കും. കൊലയും ക്രൂരപീഡനങ്ങളും നിറഞ്ഞ ഗെയിമുകൾ കുട്ടികളുടെ സ്വഭാവത്തിൽ മാറ്റമുണ്ടാക്കും
2.സമൂഹത്തിന്റെ സുരക്ഷയ്ക്കും ഇത് അപകടകരമാണ്. അക്രമണോത്സുകത വർദ്ധിപ്പിക്കാനുമിടയാക്കും
3.അക്രമം അനുകരിക്കാൻ പ്രചോദനമാകും. പൈശാചിക കൃത്യങ്ങൾ മരവിപ്പോടെ കണ്ടുനിൽക്കാനും പ്രേരണയുണ്ടാക്കും
''ക്രൂരദൃശ്യങ്ങളുള്ള ഗെയിമുകൾ തുടർച്ചയായി കാണുമ്പോൾ കുട്ടികളുടെ അറപ്പ് മാറുന്നതാണ് ഏറെ അപകടകരം. സ്വന്തമായി ചെയ്യുംപോലെ കുട്ടികൾക്ക് തോന്നും. ഇവയെല്ലാം നിരോധിക്കും
-മനോജ്എബ്രഹാം,
എ.ഡി.ജി.പി, ക്രമസമാധാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |