കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ വിദ്യാർത്ഥികളുടെ ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട്
മെറ്റയിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ തേടി. കൊലപാതകവുമായി ബന്ധപ്പെട്ട സംഘർഷം ആസൂത്രണം ചെയ്തത് ഈ ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളിലാണെന്ന വിലയിരുത്തലിനെ തുടർന്നാണിത്.
ഓഡിയോ സന്ദേശങ്ങളുടെ ഉറവിടം, അക്കൗണ്ടുകൾ വ്യാജമാണോ, അക്കൗണ്ടുകൾക്കായി ഉപയോഗിച്ച ഡിവൈസ്, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ അറിയിക്കണമെന്നാണ് മെറ്റയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റാരെങ്കിലും ഇൻസ്റ്റഗ്രാം പേജുകൾ കൈകാര്യം ചെയ്തോ എന്നും മറ്റ് സമൂഹമാദ്ധ്യമങ്ങളിൽ മർദ്ദനവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നോ എന്ന കാര്യവും പരിശോധിക്കും.
മർദ്ദനത്തിനായി രൂപീകരിച്ച ഇൻസ്റ്റഗ്രാമിലെ മൂന്ന് അക്കൗണ്ടുകളിലായി നൂറിലേറെ പേരുണ്ടെന്നും ഇവരിൽ കൂടുതൽ പേരും സംഭവവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നുമാണ് പൊലീസ് കരുതുന്നത്. കസ്റ്റഡിയിലെടുത്ത നാല് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും പൊലീസ് പരിശോധിക്കുന്നുണ്ട്.
നഞ്ചക്ക് മുഖ്യപ്രതിയുടെ
സഹോദരന്റേത്
മുഖ്യപ്രതിയായ വിദ്യാർത്ഥിയുടെ വീട്ടിൽ നിന്നും കണ്ടെടുത്ത നഞ്ചക്ക് കരാട്ടെ പരിശീലിക്കുന്ന ഇയാളുടെ സഹോദരന്റേതാണെന്ന് പൊലീസ് കണ്ടെത്തി. വിദ്യാർത്ഥി നഞ്ചക്കിന്റെ ആക്രമണരീതി പഠിച്ചത് യൂട്യൂബിൽ നിന്നാണെന്നും കണ്ടെത്തി. വിദ്യാർത്ഥിയുടെ മൊബൈൽ ഫോണിലെ സെർച്ച് ഹിസ്റ്ററിയിൽ നഞ്ചക്ക് ഉപയോഗം വ്യക്തമാക്കുന്ന വിഡീയോകളുണ്ട്. ഇയാളുടെ പിതാവിന് സംഘർഷവുമായോ ഗൂഢാലോചനയുമായോ ബന്ധമുണ്ടോ എന്നതിൽ അന്വേഷണം തുടരുകയാണ്. അതേസമയം, റൂറൽ സൈബർ സെൽ സംഘം ഷഹബാസിന്റെ വീട്ടിലെത്തി രക്ഷിതാക്കളുടേയും ഷഹബാസിന്റേയും മൊബൈൽ ഫോണുകൾ പരിശോധിച്ചു.
പരീക്ഷയെഴുതി;
പ്രതിഷേധം
ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ കോഴിക്കോട് വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിൽ കഴിയുന്ന ആറ് വിദ്യാർത്ഥികളും ഇന്നലെയും കനത്ത പൊലീസ് കാവലിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതി. ജുവൈനൽ ഹോമിൽ പ്രത്യേകം ഒരുക്കിയ കേന്ദ്രത്തിലായിരുന്നു പരീക്ഷയെഴുതിയത്. ഇതിനെതിരെ എം.എസ്.എഫ്, കെ.എസ്.യു പ്രവർത്തകർ ഒബ്സർവേഷൻ ഹോം കവാടത്തിൽ പ്രതിഷേധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |