കൊച്ചി: യഥാർത്ഥ പിതാവിന്റെ നിയമപരമായ അനുമതിയില്ലാതെ കുട്ടിയെ അമ്മയ്‌ക്കും രണ്ടാനച്ഛനുമായി ദത്ത് നൽകാനാകില്ലെന്ന് ഹൈക്കോടതി. പിതാവിന്റെ അനുമതിയില്ലാതെ തന്നെ കുട്ടിയെ ദത്ത് നൽണമെന്നാവശ്യപ്പെട്ട് അമ്മയും രണ്ടാനച്ഛനും നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഇക്കാര്യം വ്യക്തമാക്കിയത്.
കുട്ടിയുടെ അമ്മയും അച്ഛനും നിയമപരമായി വിവാഹമോചിതരാണ്. കുട്ടി അമ്മയുടെ സംരക്ഷണയിലാണ്. കുട്ടിയുടെ താത്കാലിക സംരക്ഷണമടക്കമുള്ള അവകാശം പിതാവിനുണ്ട്. ഇതിനിടെ അമ്മ മറ്റൊരാളെ വിവാഹം കഴിച്ചു. കുട്ടി ഇപ്പോൾ താമസിക്കുന്നത് ഇവർക്കൊപ്പമാണ്. പിതാവ് കുട്ടിയുടെ കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ലെന്നും അതിനാൽ കുട്ടിയെ നിയമപരമായി ദത്ത് നൽകണമെന്നും ആവശ്യപ്പെട്ട് രണ്ടാനച്ഛൻ ശിശുക്ഷേമ സമിതിക്ക് അപേക്ഷ നൽകിയെങ്കിലും പിതാവിന്റെ സമ്മതമില്ലെന്ന കാരണത്താൽ തളളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്.കുട്ടിയുടെ പിതാവ് ഈ ആവശ്യത്തെ ശക്തമായി എതിർത്തു. കുട്ടിയുമായി സംസാരിക്കാൻ പോലും ഹർജിക്കാർ അനുവദിക്കുന്നില്ലെന്നും അറിയിച്ചു.
യഥാർത്ഥ അച്ഛനോ അമ്മയോ കുട്ടിയെ നിയമപരമായി ഉപേക്ഷിച്ചെങ്കിൽ മാത്രമേ രണ്ടാനച്ഛനോ രണ്ടാനമ്മയ്‌ക്കോ കുട്ടിയെ ദത്തെടുക്കാൻ നിയമം അനുവദിക്കുന്നുള്ളൂ എന്ന് കോടതി വ്യക്തമാക്കി.കുട്ടിയെ ദത്ത് നൽകുന്നതോടെ ജനിച്ച കുടുംബവുമായുള്ള എല്ലാ ബന്ധവും ഇല്ലാതാവുകയാണ്. അതിനാൽ മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ദത്ത് നൽകുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. യഥാർത്ഥ പിതാവിന് കുട്ടിയുടെ കസ്റ്റഡി നിഷേധിക്കാനായി, അയാളുടെ സമ്മതമില്ലാതെ ദത്തെടുക്കൽ നീക്കം നടത്തുന്ന പ്രവണതയുണ്ടായേക്കുമെന്നും കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |