കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡി.ജി.എം അലക്‌സ് മാത്യു വിജിലൻസിന്റെ 'ഹിറ്റ് ലിസ്റ്റി"ൽ ഉൾപ്പെട്ടയാൾ. അഴിമതിക്കാരായ കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരെ പൂട്ടാൻ വിജിലൻസ് തയ്യാറാക്കിയ ലിസ്റ്റിൽ ഇയാളും ഉൾപ്പെട്ടിരുന്നു. ശക്തമായ പരാതി ലഭിക്കാതിരുന്നതാണ് അലക്‌സിന് ഇത്രനാളും തുണയായത്. കൈക്കൂലിക്കാരായ നൂറിലേറെ ഉദ്യോഗസ്ഥർ ഹിറ്റ് ലിസ്റ്റിലുണ്ടെന്ന് വിജിലൻസ് അധികൃതർ കേരളകൗമുദിയോട് പറഞ്ഞു.
അലക്‌സിന്റെ കടവന്ത്ര ചെലവന്നൂരിലെ വീട്ടിലും ഓഫീസിലും വിജിലൻ പരിശോധന നടത്തി. എറണാകുളം മദ്ധ്യമേഖല വിജിലൻസ് എസ്.പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘം നടത്തിയ പരിശോധനയിൽ 29 ലക്ഷം രൂപയുടെ നിക്ഷേപ രേഖകളും ഏഴ് കുപ്പി വിദേശ മദ്യവും പണവും കണ്ടെത്തി. സാമ്പത്തിക ഇടപാടിന്റെ മറ്റു രേഖകളും കണ്ടെടുത്തു. അലക്സ് മാത്യു കൂടുതൽ സ്വത്തുക്കൾ സമ്പാദിച്ചതായി വിജിലൻസ് കരുതുന്നു. ഇയാളുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്വത്തുക്കളുടെയും നിക്ഷേപങ്ങളുടെയും കണക്കെടുപ്പ് പുരോഗമിക്കുകയാണ്.
ശനിയാഴ്ച രാത്രി ആരംഭിച്ച റെയ്ഡ് മണിക്കൂറുകൾ നീണ്ടു. അലക്സ് മാത്യു ഐ.ഒ.സി അസിസ്റ്റന്റ് മാനേജരായത് മുതൽ കൈക്കൂലി വാങ്ങിയിരുന്നതായാണ് സൂചന. കൊല്ലം കടയ്ക്കലിലെ ഗ്യാസ് ഏജൻസി ഉടമ മനോജിൽ നിന്ന് രണ്ടുലക്ഷം രൂപ വാങ്ങാൻ ശ്രമിക്കുമ്പോഴാണ് തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ യൂണിറ്റ് ഒന്നിലെ ഉദ്യോഗസ്ഥസംഘം ഇയാളെ പിടികൂടിയത്.
അലക്സ് മാത്യുവിന്
സസ്പെൻഷൻ
കൈക്കൂലിക്കേസിൽ അറസ്റ്റിലായ അലക്സ് മാത്യുവിനെ ഐ.ഒ.സി സസ്പെൻഡ് ചെയ്തു. ഇയാൾ മുമ്പും കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന പരാതിയിൽ കമ്പനിയും അന്വേഷണം തുടങ്ങി. ഗ്യാസ് ലോഡ് ലഭിക്കാൻ കടയ്ക്കലിലെ ഗ്യാസ് ഏജൻസി ഉടമയോട് അലക്‌സ് മാത്യു പല തവണ പണം ആവശ്യപ്പെട്ടിരുന്നു. തുക നൽകിയില്ലെങ്കിൽ ഏജൻസിയിൽ നിന്ന് കണക്ഷനുകൾ മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ഉടമ വിജിലൻസിനെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |