തിരുവനന്തപുരം: ഗ്യാസ് ഏജൻസി ഉടമയുടെ വീട്ടിലെത്തി രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിനെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
ഓപ്പറേഷൻ സ്‌പോട്ട് ട്രാപ്പിന്റെ ഭാഗമായി പൂജപ്പുരയിലെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്–ഒന്ന് ആണ് ഇയാളെ പിടികൂടിയത്. കുറവൻകോണം പണ്ഡിറ്റ് കോളനിയിൽ താമസക്കുന്ന കൊല്ലം കടയ്ക്കൽ സ്വദേശി മനോജിന്റെ ഭാര്യയുടെ പേരിലുള്ളതാണ് ഗ്യാസ് ഏജൻസി. അവിടത്തെ ഗുണഭോക്താക്കളെ മറ്റ് ഏജൻസികളിലേക്ക് മാറ്റുമെന്നും, അങ്ങനെ ചെയ്യാതിരിക്കാൻ 10 ലക്ഷം രൂപ നൽകണമെന്നും അലക്സ് മാത്യു ആവശ്യപ്പെട്ടു. കൈക്കൂലി നൽകില്ലെന്ന് അറിയിച്ചതോടെ 1200 ഓളം കണക്ഷൻ മറ്റൊരു ഏജൻസിയിലേക്ക് മാറ്റി നൽകി. കൂടുതൽ ഗുണഭോക്താക്കളെ മാറ്റുമെന്നും ഉടൻ പണം നൽകണമെന്നും പറഞ്ഞ് ഭീഷണി തുടർന്നു. ശനിയാഴ്ച വൈകിട്ട് 7.30 ഓടെ മനോജിന്റെ കുറവൻകോണത്തുള്ള വീട്ടിലെത്തി രണ്ടു ലക്ഷം രൂപ കൈപ്പറ്റുമ്പോഴാണ് അലക്സ് മാത്യു പിടിയിലായത്.
ആക്രാന്തം പിടിച്ച ഉദ്യോഗസ്ഥൻ
'പൈസയോട് ഇത്രയും ആക്രാന്തമുള്ള ഒരു ഉദ്യോഗസ്ഥനെയും കണ്ടിട്ടില്ല. ഗതികെട്ടാണ് വിജിലൻസിനെ സമീപിച്ചത്"- പരാതിക്കാരൻ മനോജ് പറഞ്ഞു. 2002ലാണ് ഭാര്യയുടെ പേരിൽ ഗ്യാസ് ഏജൻസി തുടങ്ങിയത്. 2013 കാലഘട്ടത്തിൽ താൻ കൊല്ലം പ്ലാന്റിലുണ്ടായിരുന്നു. ലോഡ് കിട്ടുന്നതിന് ബുദ്ധിമുട്ടുണ്ടാകുമ്പോൾ 'ഇടയ്ക്കുവന്ന് കാണണം, എങ്കിൽ ലോഡ് എത്തും" എന്ന് അദ്ദേഹം പറയുമായിരുന്നു. ഇത്തരത്തിൽ പലതവണ പൈസ ചോദിച്ചുവാങ്ങിയിട്ടുണ്ട്. തിരിച്ചുതരാമെന്ന് പറഞ്ഞിരുന്നെങ്കിലും നൽകിയില്ല. 10 ലക്ഷം രൂപ ആവശ്യപ്പെട്ട് പലതവണ ബുദ്ധിമുട്ടിച്ചു. അങ്ങനെയാണ് വിജിലൻസിനെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |