പ്രത്യേക പ്രദർശനം കൊച്ചിയിൽ
കൊച്ചി: 'ജാനകി V/s സ്റ്റേറ്റ് ഒഫ് കേരള " സിനിമയ്‌ക്ക് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിക്കുന്നതിനെതിരായ നിർമ്മാതാക്കളുടെ ഹർജിയിൽ സിനിമ കണ്ട് തീരുമാനത്തിലെത്താൻ ഹൈക്കോടതി. ജസ്റ്റിസ് എൻ. നഗരേഷ് ശനിയാഴ്ച രാവിലെ 10ന് സിനിമ കാണും. കൊച്ചി പാലാരിവട്ടം ലാൽ മീഡിയ സ്റ്റുഡിയോയിലാണ് പ്രത്യേക പ്രദർശനം.
കക്ഷികളുടെ പ്രതിനിധികൾക്കും സിനിമ കാണാമെന്ന് കോടതി വ്യക്തമാക്കി. ബുധനാഴ്ച വിഷയം വീണ്ടും പരിഗണിക്കും. ഇതിനോടകം സെൻസർ ബോർഡ് മറുപടി സത്യവാങ്മൂലം സമർപ്പിക്കണം.
സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ നിർമ്മാതാക്കളായ കോസ്മോസ് എന്റർടെയ്ൻമെന്റ് മറ്റൊരു ഹർജി കൂടി നൽകിയിരുന്നു. ഇതിൽ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ സെൻസർ ബോർഡിനായി ഹാജരായ അഭിനവ് ചന്ദ്രചൂഡ് സമയം തേടിയതിനെ തുടർന്നാണ് ഹർജി മാറ്റിയത്. ഈ അവസരത്തിലാണ് സിനിമ കണ്ട് വിലയിരുത്താമെന്ന് ജസ്റ്റിസ് നഗരേഷ് നിർദ്ദേശിച്ചത്. സെൻസർ ബോർഡിന്റെ അഭിഭാഷകർക്ക് ആവശ്യമെങ്കിൽ തിരുവനന്തപുരം കേന്ദ്രത്തിൽ സിനിമ കാണാം.
സുരേഷ്ഗോപി നായകനായ സിനിമയുടെ റിലീസ് ജൂൺ 27ന് നിശ്ചയിച്ചിരുന്നതാണ്. ബോർഡ് തീരുമാനം വൈകുന്നതിന്റെ നഷ്ടം വലുതാണെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ഹാരിസ് ബീരാൻ എം.പി ചൂണ്ടിക്കാട്ടി. കേസ് അനന്തമായി നീട്ടാനാകില്ലെന്ന് കോടതിയും പറഞ്ഞു. രണ്ടു ഹർജികളിലും മറുപടി നൽകാൻ ബോർഡിനോട് നിർദ്ദേശിച്ചു.
മാനഭംഗത്തിനിരയായ നായികയ്‌ക്ക് ജാനകിയെന്ന് പേരിട്ടതാണ് സർട്ടിഫിക്കറ്റ് നൽകാൻ തടസമെന്ന് സെൻസർ ബോർഡ് അറിയിച്ചപ്പോൾ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടാനാണോ നീക്കമെന്ന് കോടതി വിമർശിച്ചിരുന്നു.
ജഡ്ജി സിനിമ കാണുന്നത് അപൂർവം
തർക്കം ഉന്നയിച്ച സിനിമയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി ജഡ്ജി സിനിമ കാണുന്നത് അപൂർവമെന്ന് അഭിഭാഷകർ. 'ജാനകി V/S സ്റ്റേറ്റ് ഒഫ് കേരള" കാണാൻ ജസ്റ്റിസ് എൻ. നഗരേഷ് തീരുമാനിച്ച സാഹചര്യത്തിലാണ് അഭിഭാഷകർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
റിലീസിംഗിന് ശേഷം ഉയരുന്ന തർക്കങ്ങളിൽ തീരുമാനമെടുക്കാൻ ബോംബെ ഹൈക്കോടതിയിലും മറ്റും ജഡ്ജിമാർ സിനിമ കണ്ടിട്ടുണ്ട്. കേരള ഹൈക്കോടതിയിൽ ഇതാദ്യമാണെന്നും ഹർജിക്കാരുടെ അഭിഭാഷകനടക്കം പറഞ്ഞു. ജാനകി" സിനിമയ്‌ക്ക് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ നിർമ്മാതാക്കളുടെ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ശനിയാഴ്ച രാവിലെയാണ് ജഡ്ജിക്ക് മുന്നിൽ പ്രത്യേക പ്രദർശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |