കാസർകോട്: പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ തദ്ദേശീയ കിഴങ്ങിനത്തിന് പേരിട്ടു, ബാലകൃഷ്ണനി. ജൈവ വൈവിദ്ധ്യ ഗവേഷകനായ ഡിവൈ.എസ്.പി ഡോ. ബാലകൃഷ്ണന്റെ പേരാണ് ജൈവ വൈവിദ്ധ്യഗവേഷക ബോർഡ് ഇതിനായി തിരഞ്ഞെടുത്തത്. സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് മെമ്പർ സെക്രട്ടറിയായ ബാലകൃഷ്ണൻ ഡോ. എം.എസ്. സ്വാമിനാഥൻ, ഡോ. എൻ. അനിൽകുമാർ എന്നിവരുടെ ശിഷ്യനാണ്. ജൈവ വൈവിദ്ധ്യ പരിസ്ഥിതി മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ആദരമായാണ് സസ്യത്തിന് 'ഡയോസ്കോറിയ ബാലകൃഷ്ണനി" എന്ന പേരിട്ടത്.
വയനാട്ടിലെ മലയിൽ നിന്ന് കണ്ടെത്തിയ സസ്യത്തിനും ബാലകൃഷ്ണന്റെ പേര് നൽകിയിരുന്നു, 'ടൈലോഫോറ ബാലകൃഷ്ണനി. ചരിത്രത്തിൽ ആദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പേര് സസ്യത്തിനിടുന്നത്.
ആദിവാസികളുടെ സസ്യഭക്ഷ്യവിഭവങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് ബാലകൃഷ്ണന് മദ്രാസ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകിയത്. 1998ൽ ഡോ. എം.എസ്. സ്വാമിനാഥന്റെ കീഴിൽ വയനാട് സെന്ററിൽ ജൂനിയർ റിസർച്ച് ഫെലോ ആയി ഗവേഷണം നടത്തിയത്. 2003 വരെ ഗവേഷണം തുടർന്ന ബാലകൃഷ്ണൻ അതേവർഷം എസ്.ഐയായി. പൊലീസ് സേവനത്തിനിടെയാണ് ജൈവ വൈവിദ്ധ്യ ബോർഡ് മെമ്പർ സെക്രട്ടറിയായത്. വീണ്ടും പൊലീസിൽ തിരിച്ചെത്തിയപ്പോഴാണ് സർക്കാർ രണ്ടാമതും മെമ്പർ സെക്രട്ടറിയാക്കി. കാസർകോട്, അരവത്ത് സ്വദേശിയാണ് ബാലകൃഷ്ണൻ പാട്ടാളി. ഭാര്യ സുധ ഉദുമ ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചറും ഗവേഷകയുമാണ്. മക്കൾ: ധ്യാൻ, തീർത്ഥ.
കാച്ചിനിന്റെ കാട്ടിനം
കാച്ചിന്റെ കാട്ടിനങ്ങളാണ് ഡയോസ്‌കോറിയ ഇനം കിഴങ്ങുകൾ. ആൺ പെൺ ഇനങ്ങളിലുള്ള ചോലക്കിഴങ്ങിനെ പത്തുവർഷത്തെ നിരീക്ഷണത്തിലൂടെ കണ്ടെത്തിയത്. ഡയോസ്കോറിയേസി എന്ന സസ്യ കുടുംബത്തിൽപ്പെടുന്നവയാണിവ. വയനാട് എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ എം.പിച്ചൻ സലിം, ആലപ്പുഴ സനാതന ധർമ്മ കോളേജിലെ ബോട്ടണി അസി. പ്രൊഫസർ ഡോ. ജോസ് മാത്യു, തിരുവനന്തപുരം കേരള കാർഷിക സർവകലാശാലയിലെ അസി. പ്രൊഫസർ ഡോ. എം.എം സഫീർ എന്നിവരാണ് നിരീക്ഷണം നടത്തിയത്. ഇതു സംബന്ധിച്ച പഠന റിപ്പോർട്ട് അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ‘സ്പീഷീസ്"ന്റെ പുതിയ ലക്കത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |