തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ അബ്ദുൽ റഹിം 3 ന് വിരമിക്കും. നാല് വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കൽ. 2009 മുതൽ 2020 വരെ ഹൈക്കോടതിയിൽ ന്യായാധിപനായും ആക്ടിംഗ് ചീഫ് ജസ്റ്റിസായും പ്രവർത്തിച്ചിരുന്നു. ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ശേഷമാണ് 2021ലാണ് കെ.എ.ടി ചെയർമാനായത്. കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
ജസ്റ്റിസ് അബ്ദുൽ റഹിം ചെയർമാനായിരുന്ന കാലഘട്ടത്തിൽ ട്രൈബ്യൂണലിൽ ഫയൽ ചെയ്ത 13000 ലധികം കേസുകൾ തീർപ്പാക്കിയിരുന്നു. ഇലട്രോണിക് ഫയലിംഗും ഹൈബ്രിഡ് സംവിധാനത്തിലൂടെ കേസുകൾ വാദിക്കുന്നതിനുള്ള സൗകര്യവും നടപ്പിലാക്കിയത് ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്.
നസീറ റഹിമാണ് ഭാര്യ. ഫൈറൂസ് എ.റഹിം. ഫസ്‌ലീൻ എ.റഹിം, ഫർഹാന എ .റഹിം എന്നിവർ മക്കളും ഡോ.അസർ നവീൻ സലീം, ഫാത്തിമ ലുലു , മൊഹസിൻ ഹാറൂൺ എന്നിവർ മരുമക്കളുമാണ്.
കെ.എ.ടി. യിൽ നടന്ന യാത്രയയപ്പിൽ ഹൈക്കോടതി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അശോക് എം.ചെറിയാൻ, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് പള്ളിച്ചൽ എസ്. കെ. പ്രമോദ്, കെ. എ. ടി ബാർ അസോസിയേഷനുകളുടെ പ്രസിഡന്റുമാരായ എം. ഫത്താഹുദ്ദീൻ , ഷമീന സലാഹുദ്ദീൻ,മുതിർന്ന ജുഡീഷ്യൽ മെമ്പർ ജസ്റ്റിസ് പി. വി ആശ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |