തിരുവനന്തപുരം: താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും സിനിമ കോൺക്ലേവിൽ സംസാരിച്ചപ്പോൾ ജാതിയെ കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. താൻ പിന്നോക്കാവസ്ഥയിലുള്ളവർക്ക് വേണ്ടിയും വനിതകൾക്കും വേണ്ടിയുമാണ് സംസാരിച്ചതെന്നും അവർ ഈ മേഖലയിൽ ഉയർന്നുവരണമെന്ന ആഗ്രഹത്താലാണ് അത്തരത്തിൽ പരാമർശം നടത്തിയതെന്നും അടൂർ ഗോപാലകൃഷ്ണൻ മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു.
ഓടും മുൻപ് നടക്കാൻ പഠിക്കണം. നല്ല പരിശീലനം നടത്തിയാലെ നല്ല സിനിമ ഉണ്ടാകുകയുള്ളു. മന്ത്രിക്ക് ഇക്കാര്യം അറിയില്ല. അദ്ദേഹം താൻ പറഞ്ഞതിനെ പ്രതിരോധിക്കേണ്ട കാര്യമില്ലായിരുന്നു.
പിന്നാക്കാവസ്ഥയിലുള്ളവർക്കും സ്ത്രീകൾക്കും അവസരമെന്ന നിലയിലാണ് സർക്കാർ ഗ്രാൻഡ് നൽകുന്നത്. ഒരു സിനിമയെടുത്തശേഷം അപ്രത്യക്ഷമാകേണ്ടവർ അല്ല അവർ. അതിനാലാണ് അവർക്ക് പരിശീലനമടക്കം നൽകണമെന്ന് പറഞ്ഞത്. അവർക്ക് ആവശ്യമായ പരിശീലനം നൽകിയാൽ പിന്നീട് ഈ രംഗത്ത് തന്നെ പ്രവർത്തിക്കാനുള്ള ആത്മവിശ്വാസവും അറിവും ലഭിക്കും.സർക്കാർ പണം നൽകുന്നവർക്കാണ് പരിശീലനം നൽകേണ്ടത്.അത് ആരെയും അധിക്ഷേപിക്കാൻ വേണ്ടിപറഞ്ഞതല്ല. .സ്‌ക്രിപ്ട് മാത്രം നോക്കി എടുക്കുന്ന പടം പപ്പടം ആയിരിക്കുമെന്നും അടൂർ പറഞ്ഞു.
അന്വേഷണം ആവശ്യപ്പെട്ട്
എസ്.സി-എസ്.ടി കമ്മീഷൻ
അതേസമയം അടൂർ അധിക്ഷേപ പ്രസംഗം നടത്തിയെന്ന പരാതിയിൽ 10 ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോട് എസ്.സി-എസ്.ടി കമ്മീഷൻ ആവശ്യപ്പെട്ടു. സാമൂഹ്യപ്രവർത്തകനായ ദിനു വെയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഇടപെടൽ. എസ്.സി-എസ്.ടി ആക്ട് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് മ്യൂസിയം പൊലീസിലും ദിനു വെയിൽ പരാതി നൽകി. അടൂർ ഗോപാലകൃഷ്ണന്റെ നിലപാട് ദൗർഭാഗ്യകരമാണെന്നും വിവാദം അവസാനിപ്പിക്കണമെന്നും മന്ത്രി ഒ.ആർ.കേളു പറഞ്ഞു. സിനിമാ പ്രവർത്തരിൽ അടൂരിനെ അനുകൂലിച്ചും എതിർത്തും പ്രതികരണങ്ങൾ വന്നു.
പുഷ്പവതിക്കെതിരെ അടൂർ, പ്രതികരിച്ച് പുഷ്പവതി
സിനിമാ കോൺക്ലേവിൽ അടൂർ സംസാരിച്ചുകൊണ്ടിരിക്കെ സദസിൽ എണീറ്റ് നിന്ന് പ്രതിഷേധിച്ച സംഗീത നാടക അക്കാഡമി വൈസ് ചെയർപേഴ്സണും ഗായികയുമായ പുഷ്പവതി പൊയ്പാടത്തിനെതിരെയും അടൂർ ഇന്നലെ പ്രതികരിച്ചു. തന്റെ സംസാരം തടസ്സപ്പെടുത്താൻ അവർക്ക് എന്ത് അവകാശമാണുള്ളത്? താൻ സംസാരിക്കുന്നതിനിടെ ഇടപെട്ട അവർക്ക് പബ്ലിസിറ്റി കിട്ടി. പരിപാടിയിൽ വരാൻ അവർക്ക് എന്ത് അധികാരമാണുള്ളതെന്നും അടൂർ ചോദിച്ചു.ആരുടെയും പിന്തുണ പ്രതീക്ഷിച്ചല്ല പരസ്യമായി പ്രതിഷേധിച്ചതെന്ന് പുഷ്പവതി പറഞ്ഞു. കാൽനൂറ്റാണ്ടായി പിന്നണിഗാന രംഗത്ത് തുടരുന്നയാളാണ് താനെന്നും അടൂരിനുള്ളത് പോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം തനിക്കുമുണ്ടെന്നും അവർ പ്രതികരിച്ചു.
അടൂർ പറഞ്ഞതിൽ ദുരുദ്ദേശമില്ല: മന്ത്രി വാസവൻ
അടൂർ പറഞ്ഞതിൽ ദുരുദ്ദേശമുണ്ടെന്ന് കരുതുന്നില്ലെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ശ്രദ്ധ വേണമെന്നാണ് അടൂർ പറഞ്ഞത്. ഇതിനെ വളച്ചൊടിച്ച് വിവാദമാക്കിയെന്നും മന്ത്രി ആരോപിച്ചു. എല്ലാ കാര്യത്തിലും ശ്രദ്ധയുണ്ടാകണമെന്നുമാത്രമാണ് അടൂർ പറഞ്ഞത്. സർക്കാർ സ്ത്രീകൾക്കും എസ്.സി, എസ്.ടി വിഭാഗങ്ങൾക്കും സ്ത്രീകൾക്കും ഒപ്പം തന്നെയാണ്.
പൊലീസ് കേസ് എടുത്തിട്ടില്ല
തിരുവനന്തപുരം: സിനിമാ കോൺക്ലേവിലെ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ
എസ്.സി-എസ്.ടി ആക്ട് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ ദിനു വെയിൽ മ്യൂസിയം പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസ് എടുത്തിട്ടില്ല. സർക്കാർ നിർദ്ദേശമോ നിയമോപദേശമോ ലഭിച്ച ശേഷം കേസെടുത്താൽ മതിയെന്ന നിലപാടിലാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |