മലപ്പുറം: സംസ്ഥാനത്തെ ഹരിതകർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഒരു മാസം കൊണ്ട് ശേഖരിച്ചത് 71,739.26 കിലോ ഇ-മാലിന്യം. ഏറ്റവും കൂടുതൽ ശേഖരിച്ചത് ആലപ്പുഴ ജില്ലയിൽ നിന്നാണ്- 16,118.341 കിലോ .ഏറ്റവും കുറവ് ഇടുക്കിയിൽ -890 കിലോ. ഏഴ് ലക്ഷത്തോളം രൂപ നൽകിയാണ് ഇത്രയും മാലിന്യങ്ങൾ ശേഖരിച്ചത്.
ശുചിത്വ മിഷൻ, ഹരിതകേരള മിഷൻ, കുടുംബശ്രീ മിഷൻ എന്നിവയുടെ പിന്തുണയോടെ അതത് നഗരസഭകളുടെ നേതൃത്വത്തിലാണ് ജൂലായ് 15 മുതൽ പദ്ധതി ആരംഭിച്ചത്. ഓരോ വസ്തുവിനും അവയുടെ തൂക്കത്തിനനുസരിച്ച് ക്ലീൻ കേരള കമ്പനി നിശ്ചയിച്ച പ്രകാരമുള്ള തുക ഹരിത കർമ സേനാംഗങ്ങൾ കൺസോർഷ്യം ഫണ്ടിൽ നിന്നോ തദ്ദേശ സ്ഥാപനത്തിന്റെ തനത് ഫണ്ടിൽ നിന്നോ നൽകും. തുടർന്ന്, ക്ലീൻ കേരള കമ്പനി ഇ-മാലിന്യങ്ങൾ നഗരസഭകളിൽ നിന്ന് ഏറ്റെടുത്ത് ഹരിത കർമ്മ സേനാംഗങ്ങൾക്ക് പണം നൽകും. പുനഃചംക്രമണത്തിന് യോഗ്യമായ മാലിന്യങ്ങൾക്കാണ് പണം ലഭിക്കുക
അപകടകരമല്ലാത്ത ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഗണത്തിൽപെടുന്ന 44 ഇനങ്ങളാണ് കിലോഗ്രാം നിരക്കിൽ വില നൽകി ശേഖരിക്കുന്നത്. നഗരസഭകൾക്ക് കീഴിൽ നടപ്പാക്കുന്ന പദ്ധതി അടുത്ത ഘട്ടത്തിൽ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.
ശേഖരിച്ച
ഇ-മാലിന്യം (കിലോ):
തിരുവനന്തപുരം - 6,420
കൊല്ലം - 1,596.19
പത്തനംതിട്ട - 10,235
ആലപ്പുഴ - 16,118.341
കോട്ടയം - 7,797.05
ഇടുക്കി- 890
എറണാകുളം- 11,030.589
തൃശൂർ - 3,218
പാലക്കാട് - 2,225.54
മലപ്പുറം- 1,700.35
കോഴിക്കോട്- 4,536.20
കണ്ണൂർ - 3,802
വയനാട്- 525
കാസർകോട് - 1,645
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |