
പാലക്കാട്: ലൈംഗിക പീഡനക്കേസിനെ തുടർന്ന് ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നാളെ വോട്ട് ചെയ്യാൻ പാലക്കാട്ടേക്ക് എത്തിയേക്കുമെന്ന് വിവരം. പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലെ ബൂത്ത് നമ്പർ രണ്ടിലാണ് രാഹുലിന് വോട്ട്. രാഹുൽ താമസിക്കുന്ന ഫ്ളാറ്റ് ഈ വാർഡിലാണ്. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണിത്.
ബംഗളൂരു സ്വദേശിയായ യുവതി നൽകിയ പീഡനക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് രാഹുൽ ഒളിവുജീവിതം അവസാനിപ്പിക്കുന്നത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിച്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് ഉപാധികൾ.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യത്തെ കേസിൽ ഹൈക്കോടതി അറസ്റ്റ് ചെയ്യുന്നത് വിലക്കിയിരുന്നു. ഈ കേസിൽ വാദം നടക്കുന്നതിനിടെയാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. കെപിസിസിക്ക് വന്ന ഇ മെയിൽ പരാതി പൊലീസിന് കൈമാറുകയായിരുന്നു. കേസിൽ പരാതിക്കാരി മൊഴി നൽകിയിരുന്നു. എസ് പി പുങ്കൂഴലിയാണ് മൊഴി രേഖപ്പെടുത്തിയത്. രക്ഷപ്പെടാൻ കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. പല പ്രാവശ്യം ഭീഷണിപ്പെടുത്തിയെന്നും പേടി കാരണമാണ് ഇത്രയും നാൾ പുറത്ത് പറയാതിരുന്നതെന്നുമാണ് പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |