തിരുവനന്തപുരം: വർത്തമാനകാല രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമതി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇന്ദിരാഭവനിൽ ചേരും. ശബരിമല വിഷയമാണ് മുഖ്യ അജൻഡ. കെ.പി.സി.സി നേതൃത്വത്തിൽ നടന്നുവരുന്ന ഭവനസന്ദർശന പരിപാടിയുടെ വിലയിരുത്തലും കോൺഗ്രസിൽ നിന്നുള്ള സമുദായ സംഘടനകളുടെ അകൽച്ചയുമാണ് മറ്റ് പ്രധാന വിഷയങ്ങൾ. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം പരിഗണിക്കില്ല. എന്നാൽ കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയ്ക്ക് വന്നേക്കും. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടുള്ള ചർച്ച യോഗത്തിലുണ്ടാവും. ശബരിമല സ്വർണ്ണതട്ടിപ്പ് രാഷ്ട്രീയ സമരമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ് . വിഷയത്തിൽ ആദ്യ രാഷ്ട്രീയ യോഗം പത്തനംതിട്ടയിൽ സംഘടിപ്പിക്കും. പിന്നാലെ ,തുടർച്ചയായ പ്രക്ഷോഭം നടത്താനാണ് ആലോചന.
കെ.പി.സി.സി ഭാരവാഹികളുടെ പട്ടിക പ്രഖ്യാപനം നീണ്ടുപോകുന്നതിൽ മുതിർന്ന നേതാക്കൾക്ക് അമർഷമുണ്ട്. ജനറൽ സെക്രട്ടറിമാർ, വൈസ് പ്രസിഡന്റുമാർ, ട്രഷറർ എന്നിവരുടെ പട്ടികയാണ് കെ.പി.സി.സി ഹൈക്കമാൻഡിന് കൈമാറിയത്. പട്ടികയിൽ ഒന്നു രണ്ട് നേതാക്കൾ ചില ഭേദഗതികൾ നിർദ്ദേശിച്ചതാണ് വൈകാൻ കാരണമെന്നറിയുന്നു. സെക്രട്ടറിമാരുടെയും ഡി.സി.സി അദ്ധ്യക്ഷന്മാരുടെയും പട്ടിക അടുത്ത ഘട്ടത്തിൽ പ്രഖ്യാപിച്ചാൽ മതിയെന്നാണ് ധാരണ. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്റെ കാര്യത്തിലും തീരുമാനം വൈകുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |