പത്തനംതിട്ട: ശബരിമല ശ്രീകോവിലിന്റെ വാതിലിൽ സുഷിരവും കട്ടളപ്പടികളിൽ കേടുപാടുകളും കണ്ടെത്തിയതിനെ തുടർന്ന് അറ്റകുറ്റപ്പണിക്ക് ഹൈക്കോടതി ദേവസ്വം ബെഞ്ച് അനുമതിനൽകി. ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ സമ്മർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവസ്വംബോർഡ് ജയകൃഷ്ണന് കത്തുനൽകിയിരുന്നു. സന്നിധാനത്തുവച്ചുതന്നെ നിർമ്മാണം നടത്തണമെന്ന് കോടതി നിർദ്ദേശിച്ചു.
സുഷിരം കണ്ടെത്തിയ വാതിൽപ്പാളികൾ ഇളക്കി പുതിയത് സ്ഥാപിക്കാനാണ് ദേവസ്വം ബോർഡിന്റെ പദ്ധതി. നടതുറന്നിരിക്കുന്ന സമയങ്ങളിൽ ഇത്തരം പ്രവൃത്തികൾ എങ്ങനെ നടത്താനാവും എന്നതിനെപ്പറ്റി 7,8 തീയതികളിൽ ചേരുന്ന ബോർഡ് യോഗത്തിൽ തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോർഡ് അംഗം എ. അജികുമാർ പറഞ്ഞു. ചെന്നൈയിൽ വച്ച് സ്വർണം പൂശിയശേഷം സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന ദ്വാരപാലക ശില്പങ്ങളിലെ പാളികൾ തുലാമാസ പൂജകൾക്കായി നടതുറക്കുന്ന 17ന് പുനഃസ്ഥാപിക്കും. 12 പാളികൾ കൊണ്ടുപോയതിൽ രണ്ടെണ്ണത്തിനാണ് ഇലക്ട്രോ പ്ലേറ്റിംഗ് നടത്തിയത്. ബാക്കിയുള്ളവ മിനുസപ്പെടുത്തി. താന്ത്രിക അനുമതിയും ഹൈക്കോടതിയുടെ നിർദ്ദേശവും ലഭിച്ചതോടെയാണ് ഇവ തിരികെ സ്ഥാപിക്കുന്നത്. കോടതിയുടെ അനുമതിതേടാതെ പാളികൾ ചെന്നൈയ്ക്ക് കൊണ്ടുപോയത് വിവാദമായിരുന്നു. ഇതേ തുടർന്ന് വിജിലൻസ് നടത്തുന്ന അന്വേഷണത്തിലാണ് തട്ടിപ്പുകൾ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |