തിരുവനന്തപുരം: ശബരിമല സ്വർണ്ണ തട്ടിപ്പിനെക്കുറിച്ച് ഹൈക്കോടതി നിരീക്ഷണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. തട്ടിപ്പ് നടത്തിയ പ്രതികളെ സംരക്ഷിച്ച ദേവസ്വം മന്ത്രി രാജിവയ്ക്കണം. ഈ വിഷയത്തെ കോൺഗ്രസ് അതീവ ഗൗരവമായി കാണുന്നതിനാൽ രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാന പ്രകാരം ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാളെ വൈകിട്ട് 4 ന് പത്തനംതിട്ടയിൽ നടത്തുന്ന പ്രതിഷേധ സംഗമം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. ഇതേ സമയം കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്യോതി തെളിച്ച് പ്രകടനം നടത്തും. ഈ മാസം 14ന് കാസർകോട് നിന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ,പാലക്കാട് നിന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി,തിരുവനന്തപുരത്ത് നിന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി,15 ന് മൂവാറ്റുപുഴയിൽ നിന്ന് ബെന്നി ബഹ്നാൻ എം.പി എന്നിവർ നയിക്കുന്ന ജാഥകൾ 18ന് പന്തളത്ത് സമാപിക്കും.
സ്വർണ്ണം ചെമ്പായതിനെ കുറിച്ച് ഇപ്പോഴത്തെ ദേവസ്വം മന്ത്രിക്ക് അറിവുണ്ടായിരുന്നു. മുഖ്യമന്ത്രിക്കും ഇതിൽ കൂട്ടുത്തരവാദിത്വമുണ്ട്. നഷ്ടപ്പെട്ട സ്വർണ്ണം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന ആശങ്ക ഹൈക്കോടതി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികൾ കേന്ദ്രസർക്കാരിന്റെയും സംസ്ഥാന അന്വേഷണ ഏജൻസികൾ സംസ്ഥാന സർക്കാരിന്റെയും ടൂൾ ആയതിനാലാണ് ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ തന്നെ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നതതെന്നും സണ്ണി ജോസഫ് പറഞ്ഞു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാർ,പി.സി. വിഷ്ണുനാഥ്,ഷാഫി പറമ്പിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |