ശബരിമല: ഹൈക്കോടതി അമിക്കസ് ക്യൂറി റിട്ട.ജസ്റ്റിസ് ശങ്കരന്റെ നേതൃത്വത്തിൽ സന്നിധാനത്തെ സ്ട്രോംഗ് റും തുറന്നുള്ള പരിശോധനയും കണക്കെടുപ്പും ഇന്നും തുടരും. ഇന്നലെ രാവിലെ 9.30 ന് ആരംഭിച്ച പരിശോധന വൈകിട്ട് 6.30 വരെ തുടർന്നു. മഹസറും രജിസ്റ്ററും അനുസരിച്ച് സ്വർണം, വെള്ളി, ചെമ്പ് തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കൾ തരംതിരിച്ച് മൂല്യം നിർണയിച്ച് പട്ടിക തയ്യാറാക്കുന്ന ജോലികളാണ് നടത്തുന്നത്. രണ്ട് ഗോൾഡ് സ്മിത്തുകളാണ് ഇതിനായുള്ളത്.
മഹസറിൽ മാത്രം ചേർത്തിട്ടുള്ളവ, രജിസ്റ്ററിൽ മാത്രമുള്ളവ, ഇവ രണ്ടിലും ഇല്ലാത്തവ, തൂക്കത്തിൽ വ്യത്യാസമുള്ളവ, മഹസറിലും രജിസ്റ്ററിലും തൂക്കത്തിലും കൃത്യതയുള്ളവ എന്നിങ്ങനെ, തരംതിരിച്ച് പട്ടിക തയ്യാറാക്കുന്ന ജോലികളാണ് ഇന്നലെ നടന്നത്. സന്നിധാനത്തെ സ്ട്രോംഗ് റൂമിലെ പരിശോധന ഇന്ന് പൂർത്തിയാക്കാനാണ് ശ്രമം. ഇതിനുശേഷം ദ്വാരപാലകശില്പങ്ങളിലെ സ്വർണപ്പാളികൾ, പഴയ വാതിൽ, കട്ടിളപ്പടി എന്നിവയും പരിശോധിക്കും. പിന്നീട് ആറന്മുള സ്ട്രോംഗ് റും തുറന്നുള്ള പരിശോധന തുടങ്ങും.
ശബരിമലയിലെ താത്കാലിക സ്ട്രോംഗ് റൂമിൽ, വഴിപാട് ഉരുപ്പടികൾ കൃത്യമായ രേഖകളില്ലാതെ സൂക്ഷിച്ചതിൽ അമിക്കസ് ക്യൂറി കടുത്ത അതൃപ്തി അറിയിച്ചതായും വിവരങ്ങളുണ്ട്. തിരുവാഭരണം കമ്മിഷണർ, ഓംബുഡ്സ് മാൻ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ, ദേവസ്വം സെക്രട്ടറി തുടങ്ങിയ ഉദ്യോഗസ്ഥരും ദേവസ്വം ബോർഡും ചുമതലകളിൽ വലിയ വീഴ്ചകൾ വരുത്തിയെന്നാണ് വിലയിരുത്തൽ.
അവതാരങ്ങളുടെ വരവ്
അന്വേഷിക്കണം:പത്മകുമാർ
ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ള അവതാരങ്ങൾ ആദ്യമായി ശബരിമലയിൽ എത്തിയത് താൻ പ്രസിഡന്റായ കാലത്തായിരുന്നോ എന്ന കാര്യം അന്വേഷണ വിധേയമാക്കണമെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് പ്രതി ചേർത്തതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ ഉണ്ടായ മുഴുവൻ കാര്യങ്ങളുടെയും ഉത്തരവാദിത്വം 2018-19ലെ ഭരണ സമിതിക്കുമാത്രമാണോ എന്ന് അന്വേഷിക്കണം. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തുന്നത് കർണാടകയിലെ ജാലഹള്ളി ക്ഷേത്രത്തിൽ നിന്നാണ്. അവിടെ ആരായിരുന്നു തന്ത്രി എന്ന് കണ്ടെത്തണം. എല്ലാ കാര്യങ്ങളും പുറത്തുവരട്ടെ . എഫ്.ഐ.ആറിൽ പേരുണ്ടെന്നറിയുന്നത് മാദ്ധ്യമ പ്രവർത്തകർ സമീപിച്ചപ്പോൾ മാത്രമാണ് അറിഞ്ഞത്. ദേവസ്വം ബോർഡ് വ്യവസ്ഥാപിതമല്ലാത്ത ഒന്നും ചെയ്തിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥർ ചോദിക്കുമ്പോൾ മറുപടി പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |