SignIn
Kerala Kaumudi Online
Thursday, 16 October 2025 8.02 PM IST

പടർന്നുപിടിച്ച് അമീബിക് ആശങ്ക

Increase Font Size Decrease Font Size Print Page
d

തലച്ചോറ് ഭക്ഷിക്കുന്ന അമീബകൾ ഇന്ന് കേരളത്തിൽ വ്യാപകമായി പടരുന്നു. കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ ഈ രോഗത്തിന്റെ ഭീതിയിലാണ്. ആദ്യം കുളങ്ങൾ, പിന്നെ സ്വിമ്മിംഗ് പൂളുകൾ, ഇപ്പോൾ കിണറ്റിലും വാട്ടർടാങ്കിലും വരെ അമീബയുടെ സാന്നിദ്ധ്യം. അതീവഗുരുതരമായ രോഗം എങ്ങനെ പടരുന്നുവെന്നതിന് ഇപ്പോഴും ആരോഗ്യ സംവിധാനങ്ങൾക്ക് കൃത്യമായ ഉത്തരമില്ല.

97ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്നതാണ് ഏകആശ്വാസം. സർക്കാർ ആശുപത്രികളിലാണ് 95ശതമാനം കേസുകളും കണ്ടെത്തിയത്. സ്വകാര്യ ആശുപത്രികളിൽ ലക്ഷണങ്ങളോടെ എത്തുന്നവർ വിരളം. മലിനജലവുമായി നേരിട്ടോ അല്ലാതയോ സമ്പർക്കത്തിലേർപ്പെട്ടവരാണ് രോഗിബാധിതരായതെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ കണ്ടെത്തൽ.

രോഗികൾ വർദ്ധിച്ചതോടെ നടത്തിയ പരിശോധനയിൽ, രോഗവ്യാപനരീതി മാറിയെന്ന് ആരോഗ്യവിദഗ്ദ്ധർ കണ്ടെത്തി. നെഗ്ലേരിയ ഫൗളേരി അമീബകളിൽ നിന്നുണ്ടാകുന്ന പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസാണ് നേരത്തെ മസ്തിഷ്കജ്വരത്തിന് കാരണമായിരുന്നത്. എന്നാൽ, ഗ്രാനുലോമാറ്റസ് അമീബിക് എൻസെഫലൈറ്റിസിന്റെ തുടക്കത്തിലുള്ള സബ് അക്യൂട്ട് മെനിഞ്ചോ എൻസെഫലൈറ്റിസാണ് ഇപ്പോൾ വ്യാപിക്കുന്നത്. അകാന്തമീബ, ബാലമുത്തിയ തുടങ്ങിയ അമീബകളാണ് ഇതിനുകാരണം.

 കയറുന്നത് മൂക്കിലൂടെ

നെഗ്ലേരിയ ഫൗളേരി അമീബ കെട്ടിക്കിടക്കുന്ന മലിനമായ ജലത്തിൽ മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലെ അരിപ്പപോലുള്ള ക്രിബ്രിഫോം പ്ലേറ്റ് വഴി തലച്ചോറിൽ നേരിട്ടെത്തി രോഗമുണ്ടാക്കും. നെഗ്ലേരിയ ഫൗളേരി അമീബകൾ ശരീരത്തിലെത്തിയാൽ ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാവും. ദിവസങ്ങൾക്കകം മൂർച്ഛിക്കും. എന്നാൽ അകാന്തമീബ, ബാലമുത്തിയ തുടങ്ങിയ അമീബകൾ വൃത്തിഹീനമായ ജലസ്രോതസുമായുള്ള സമ്പർക്കത്തിലൂടെ തൊലിപ്പുറത്തെ മുറിവുകളിലൂടെ രക്തത്തിലേക്ക് കലർന്ന് തലച്ചോറിലെത്തും. നിലവിൽ 80ശതമാനം കേസുകൾക്കും കാരണമിതാണ്. അകാന്തമീബ, ബാലമുത്തിയ അമീബകൾ രണ്ടാഴ്ചയോളം കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നതെന്നും വിലയിരുത്തുന്നു.

ശ്വസനത്തിലൂടെ ശരീരത്തിൽ കടന്നേക്കാവുന്ന പൊടി, മണ്ണ്, ചെളി എന്നിവയിലൂടെയും രോഗംപകരാം. പരാദത്തിന്റെ അംശങ്ങളോ ഭാഗങ്ങളോ മണ്ണിലൂടെയോ പൊടിപടലങ്ങളിലൂടെയോ ശ്വസനത്തിലൂടെപ്പോലും അപകടകരമായ അമീബകൾ ശരീരത്തിലെത്താം. സിസ്റ്റ്, ട്രോഫോസോയിറ്റ്, ഫ്‌ളെജെലൈറ്റ് രൂപങ്ങളിലും പകരാം.

 ഒരുവർഷത്തിനിടെ രോഗം ബാധിച്ചവർ

110

 മരണം

25

 കഴിഞ്ഞവർഷം രോഗം ബാധിച്ചവർ

38

 മരണം

8

ഉത്തരമില്ലാത്ത ചോദ്യങ്ങൾ?​

1. ജലസ്രോതസുകളിൽ അമീബയുടെ സാന്നിദ്ധ്യം വർദ്ധിച്ചതിന് കാരണം?​

2. ​ജലസ്രോതസുകൾ മലിനപ്പെടുന്ന സ്ഥിതിയുണ്ടോ?​

3. ​ജലാശയങ്ങളും കിണറുകളും ഉറവിടങ്ങളായി മാറുന്നുണ്ടോ?​

4. ​കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം വർദ്ധിച്ച് അമീബയ്ക്ക് വഴിയൊരുക്കുന്നുണ്ടോ?​

5. ​ജലസ്രോതസുകൾക്ക് സമീപത്തെ സെപ്റ്റിക് ടാങ്കുകൾ ഭീഷണിയായോ?​

പരിശോധന ഒരിടത്ത് മാത്രം!

അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നതിനുള്ള പി.സി.ആർ പരിശോധന കേരളത്തിൽ ഒരിടത്ത് മാത്രമാണ് നിലവിലുള്ളത്. നട്ടെല്ലിൽ നിന്ന് കുത്തിയെടുക്കുന്ന സ്രവം തിരുവനന്തപുരം പബ്ലിക് ലാബിലാണ് പരിശോധിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രോഗനിർണയവും ചികിത്സയ്ക്കും വൈകാൻ ഇത് കാരണമാകുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. സ്രവമെടുത്ത് 15മിനിട്ടിനുള്ളിൽ മൈക്രോസ്‌കോപ്പിലൂടെ നോക്കിയാൽ മാത്രമേ ചലിക്കുന്ന അമീബകളെ കാണാനാകൂ. ഇതിനുള്ള കൃത്യമായ വൈഗദ്ധ്യമുള്ള തിരുവനന്തപുരം,​കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ മാത്രമാണുള്ളത്.

ക്ലോറിനേഷനിലൂടെ പ്രതിരോധം

മൂന്നുമാസത്തിലൊരിക്കൽ ക്ലോറിനേഷൻ നടത്തുക മാത്രമാണ് അമീബകളെ തുരത്താനുള്ള കൃത്യമായ പ്രതിരോധമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. ഒരിക്കൽ ക്ലോറിനേറ്റ് ചെയ്ത വെള്ളത്തിൽ വീണ്ടും അമീബകൾ സജീവമാകും. 2016ലാണ് കേരളത്തിലാദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഓരോ വർഷവും കേസുകൾ വർദ്ധിക്കുന്നുണ്ട്. ഏറ്റവും മാരകമായ രോഗമായിരുന്നിട്ടും ഭൂരിഭാഗം പേരുടെയും ജീവൻ രക്ഷിക്കാൻ സാധിക്കുന്നത് കേരളത്തിന് ആശ്വാസകരമാണ്. പലതരം മരുന്നുകളുടെ മിശ്രിതമാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്.

എല്ലായിടത്തും അമീബ

അമീബ സൂക്ഷ്മ, ഏകകോശ ജീവിയാണ്. അമീബ പ്രോട്ടിയസ് എന്നാണ് യഥാർഥ പേര്. പ്രോട്ടിസ്റ്റ എന്ന ജീവികുടുംബത്തിൽ പെട്ടതാണിവ. പ്രോട്ടിയസ് എന്നതൊരു ഗ്രീക്ക് ദേവന്റെ പേരാണ്. ശരീരം പല ആകൃതിയിലാക്കാൻ ശേഷിയുള്ളയാളാണു ഗ്രീക്ക് ഇതിഹാസത്തിൽ പ്രോട്ടിയസ്. മാറ്റം എന്നാണ് അമീബ എന്ന ഗ്രീക്ക് വാക്കിന് അർത്ഥം. മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തിലും വെള്ളത്തിലും മണ്ണിലുമൊക്കെ ജീവിക്കുന്നവയാണിവ. മനുഷ്യകോശങ്ങൾ പോലെയൊക്കെ വികസിതമായ കോശമാണ് അമീബയ്ക്കുമുള്ളത്. ശരീരാകൃതി മാറ്റിയാണ് അമീബ മുന്നോട്ടുപോകുന്നത്. ഭക്ഷണത്തെ വലയം ചെയ്ത ശേഷം വിഴുങ്ങുന്നതാണ് ഭക്ഷണരീതി. ഒരു അമീബ രണ്ടായി വിഭജിച്ചാണ് ഇവയിൽ പ്രജനനം നടക്കുന്നത്. കോശകേന്ദ്രം രണ്ടാകും. പിന്നീട് കോശത്തിന്റെ ഭാഗങ്ങൾ ചേർത്തെടുത്ത് ഇവ പുതിയ രണ്ട് കോശങ്ങളായി മാറുന്നതോടെ പ്രജനനം നടക്കും.

ലക്ഷണങ്ങൾ

പനി, തീവ്രമായ തലവേദന

ഛർദ്ദി, ഓക്കാനം

കഴുത്തു വേദന, വെളിച്ചത്തിലേയ്ക്ക് നോക്കാനുള്ള ബുദ്ധിമുട്ട്

രോഗം ഗുരുതരാവസ്ഥയിലായാൽ അപസ്മാരം.

 ബോധക്ഷയം, ഓർമക്കുറവ്

 അമീബിക് മസ്തിഷ്ക ജ്വരം കേരളത്തിലൊരു പൊതുജനാരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. കൃത്യമായ പഠനവും ഏകോപനവും വേണം. പി.സി.ആർ പരിശോധന ശക്തമാക്കണം. എത്രയും പെട്ടെന്നുള്ള ചികിത്സയാണ് അതിജീവിക്കാനുള്ള ഏക മാർഗം.

- ഡോ. അനൂപ് കുമാർ.എ.എസ്,

ഡയറക്ടർ, ക്രിട്ടിക്കൽ കെയർ ആസ്റ്റർ നോർത്ത് ക്ലസ്റ്റർ

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.