പത്തനംതിട്ട: ശരണം വിളികളോടെ പമ്പാ ഗണപതി ക്ഷേത്രത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഇരുമുടിക്കെട്ട് നിറച്ചത്. ത്രിവേണിക്ക് സമീപമുള്ള പമ്പാനദിയിലെ പടവുകളിൽ കാൽ കഴുകിയ ശേഷമായിരുന്നു ഗണപതി ക്ഷേത്രത്തിലെ ദർശനം. തുടർന്ന് കെട്ടുനിറ മണ്ഡപത്തിൽ പ്രവേശിച്ചു.
രാഷ്ട്രപതിയുടെ മരുമകൻ ഗണേശ് ചന്ദ്ര ഹോംബ്രോം, സുരക്ഷാ ഉദ്യോഗസ്ഥരായ സൗരഭ് നായർ, വിനയ് മാത്തൂർ എന്നിവരും രാഷ്ട്രപതിക്കൊപ്പം കെട്ടുനിറച്ചു. പമ്പ മേൽശാന്തി ടി.എസ്. വിഷ്ണു നമ്പൂതിരിയാണ് ഇരുമുടിക്കെട്ട് നിറച്ചത്.
മേൽശാന്തിയുടെ നിർദ്ദേശ പ്രകാരം രാഷ്ട്രപതി തേങ്ങയിൽ നെയ് നിറച്ചു. ഇരുമുടിയിലേക്ക് മൂന്ന് തവണ അരി സമർപ്പിച്ച് തൊഴുതു. ശിരസിലേക്ക് ഇരുമുടി വച്ചുകൊടുത്ത മേൽശാന്തിക്ക് രാഷ്ട്രപതി ദക്ഷിണനൽകി പാദം തൊട്ടുതൊഴുതു. ഗണപതി ക്ഷേത്രത്തിൽ തേങ്ങയുടച്ച ശേഷം ഉപദേവതകളെയും തൊഴുതാണ് സന്നിധാനത്തേക്ക് തിരിച്ചത്. പമ്പ ദേവസ്വം ഗസ്റ്റ് ഹൗസിന് മുന്നിൽ നിന്ന് 11.20 ന് പ്രത്യേക ഗുർഖാ വാഹനത്തിൽ സന്നിധാനത്തേക്ക് പുറപ്പെട്ടു. രാഷ്ട്രപതിയുടെ വാഹനത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനാണ് കയറിയത്. മരുമകനും മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥനും പിന്നിലെ വാഹനത്തിലായിരുന്നു. സുരക്ഷാ വാഹനങ്ങൾ അനുഗമിച്ചു. രാഷ്ട്രപതിക്കായി ആറ് വാഹനങ്ങൾ സജ്ജമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |