
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ഡിജിറ്റൽ തെളിവുകൾ പുറത്തുവിട്ട് പൊലീസിനെതിരെ ആരോപണങ്ങളുമായി ഷാഫി പറമ്പിൽ എം.പി. ഗുണ്ടാ- മാഫിയാ ബന്ധത്തെത്തുടർന്ന് നടപടി നേരിട്ട സി.ഐ അഭിലാഷ് ഡേവിഡാണ് തന്നെ മർദ്ദിച്ചത്. തലയിലും മൂക്കിലും അടിച്ചശേഷം ഇയാൾ വീണ്ടും ലാത്തിയോങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്.
ലൈംഗികപീഡനക്കേസിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് ഇയാളെയടക്കം ചില പൊലീസുകാരെ 2023 ജനുവരി 16ന് സസ്പെൻഡ് ചെയ്തിരുന്നു. ജനുവരി 19ന് ഇയാളെ പിരിച്ചുവിട്ടെന്നുള്ള വാർത്ത വന്നു. എന്നാൽ, ഇയാൾ നിലവിൽ വടകര കൺട്രോൾ റൂം ഇൻസ്പെക്ടറാണ്. പിരിച്ചുവിട്ടെന്ന് പറയുകയും പിന്നീട് രഹസ്യമായി തിരിച്ചെടുത്ത് സി.പി.എം പറയുന്ന ഗുണ്ടാപ്പണിക്ക് അവരെ നിയോഗിക്കുകയുമാണ്. സസ്പെൻഷനിലായ ശേഷം തിരുവനന്തപുരം വഞ്ചിയൂരിലെ സി.പി.എം ഓഫീസിൽ അഭിലാഷ് നിത്യ സന്ദർശകനായിരുന്നു.
പൊലീസിന്റെ കൈയിലിരുന്ന ഗ്രനേഡാണ് പൊട്ടിയത്. വടകര ഡിവൈ.എസ്.പി ഹരിപ്രസാദ് കൈയിൽ ഗ്രനേഡും പിടിച്ചാണ് ലാത്തികൊണ്ട് പ്രവർത്തകരെ മർദ്ദിക്കാൻ ശ്രമിച്ചത്. ഇതുവരെ ആരും തന്റെ മൊഴിയെടുത്തില്ലെന്നും ഷാഫി പറഞ്ഞു.
സംഭവസ്ഥലത്ത്
ഉണ്ടായിരുന്നില്ല: സി.ഐ
സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്ന് സി.ഐ അഭിലാഷ് ഡേവിഡ് പറഞ്ഞു. പേരാമ്പ്ര ബസ് സ്റ്റാൻഡിലായിരുന്നു ഡ്യൂട്ടി. എം.പി പുറത്തുവിട്ട ഡിജിറ്റിൽ തെളിവുകൾ സംബന്ധിച്ച് അറിയില്ലെന്നും വ്യക്തമാക്കി.
അഭിലാഷ് ഡേവിഡിനെ
പുറത്താക്കിയിരുന്നു?
പ്രത്യേക ലേഖകൻ
തിരുവനന്തപുരം: വടകരയിൽ പ്രകടനത്തിനിടെ തന്നെ മർദ്ദിച്ചെന്ന് ഷാഫി പറമ്പിൽ ആരോപിച്ച സി.ഐ അഭിലാഷ് ഡേവിഡിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന സി.എച്ച്. നാഗരാജു നേരത്തേ സർവീസിൽ നിന്ന് നീക്കിയിരുന്നതാണെന്നാണ് സൂചന.
കമ്മിഷണറുടെ ഉത്തരവ് റദ്ദാക്കുകയും നേരത്തേ ഡി.ജി.പി ഉത്തരവിട്ട സസ്പെൻഷൻ മാത്രം ശിക്ഷയാക്കുകയും ചെയ്തുവെന്നാണ് അറിയുന്നത്.
ഗുണ്ടാ, റിയൽ എസ്റ്റേറ്റ് മാഫിയയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി സേനയുടെയാകെ പ്രതിച്ഛായ നശിപ്പിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ഡി.ജി.പി സസ്പെൻഡ് ചെയ്തതിന് പിന്നാലെയായിരുന്നു കമ്മിഷണറുടെ നടപടി.
ശ്രീകാര്യം സ്റ്റേഷനിൽ ഇൻസ്പെക്ടറായിരിക്കെ ലൈംഗിക പീഡനക്കേസിലെ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചവരുത്തിയതിനാണ് സേനയിൽ നിന്ന് നീക്കിയതെന്നാണ് 2023ജനുവരിയിൽ കമ്മിഷണർ അറിയിച്ചിരുന്നത്. പ്രതിയെ രക്ഷിക്കുന്ന തരത്തിൽ കേസ് അട്ടിമറിച്ചെന്ന് കണ്ടെത്തിയായിരുന്നു നടപടി. ഗുണ്ടാനേതാക്കൾ ഉൾപ്പെട്ട റിയൽ എസ്റ്റേറ്റ് തർക്കങ്ങൾ പരിഹരിക്കാൻ അഭിലാഷ് ഡേവിഡ് മദ്ധ്യസ്ഥത വഹിച്ചെന്നും ഗുണ്ടകൾക്ക് വിവരം ചോർത്തിയെന്നുമടക്കം കണ്ടെത്തിയിരുന്നു.
അഭിലാഷിനൊപ്പം പിരിച്ചുവിട്ടതായി അന്ന് കമ്മിഷണർ അറിയിച്ച മറ്റ് രണ്ടുപേരും ഇപ്പോൾ സേനയിലില്ല. ഇക്കാര്യത്തിൽ ഇനി വേണം വ്യക്തതയുണ്ടാവാൻ.
അതേസമയം, തന്നെ പിരിച്ചുവിട്ടിട്ടില്ലെന്നും സസ്പെൻഷനിലാവുകയായിരുന്നുവെന്നും അഭിലാഷ് ഡേവിഡ് വ്യക്തമാക്കി. എം.പിയുടെ ആരോപണത്തെക്കുറിച്ച് പരിശോധിക്കുമെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ പറഞ്ഞു.
ഒമ്പത് വർഷത്തിനിടെ 144പൊലീസുകാരെ വിവിധ നടപടികളുടെ ഭാഗമായി പിരിച്ചുവിട്ടതായി മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |