
കൊച്ചി: ഐ.ടി മേഖലയിൽ 2031നകം 10 ലക്ഷം തൊഴിൽ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഐ.ടി വിപണിയുടെ 10 ശതമാനമാണ് കേരളം ലക്ഷ്യമിടുന്നത്. ഇതിനായി ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ 120ലെത്തിക്കണം. വിഷൻ 2031ന്റെ ഭാഗമായി ഇലക്ട്രോണിക്‌സ് ആൻഡ് ഐ.ടി വകുപ്പ് സംഘടിപ്പിച്ച 'റീകോഡ് കേരള 2025' ഐ.ടി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഐ.ടി സ്ഥലസൗകര്യം മൂന്നുകോടി ചതുരശ്ര അടിയായി വർദ്ധിപ്പിക്കണം. കൊച്ചിയിലെ മേക്കർ വില്ലേജ് രാജ്യത്തെ ഏറ്റവും വലിയ ഹാർഡ്‌വെയർ ഇൻക്യുബേറ്ററായി. വയനാട്, കണ്ണൂർ, പാലക്കാട്, ആലപ്പുഴ, തൃശൂർ, കോട്ടയം എന്നിവിടങ്ങളിൽ ഇൻക്യുബേഷൻ, ഗവേഷണ വികസന കേന്ദ്രങ്ങൾ ഉൾപ്പെടുത്തി മേക്കർ വില്ലേജ് 2.0 പദ്ധതി നടപ്പാക്കും.
2021നും 2023നുമിടയിൽ സ്റ്റാർട്ടപ്പ് മേഖലയിൽ 254 ശതമാനം വളർച്ചയുണ്ടായി. ഒരു ദശാബ്ദത്തിനിടെ 6000 കോടിയുടെ നിക്ഷേപമാണ് സ്റ്റാർട്ടപ്പുകളിലൂടെ കേരളത്തിലെത്തിയത്. ഐ.ടി കയറ്റുമതി ഒരുലക്ഷം കോടിയോട് അടുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിൽ ഇൻഫോപാർക്ക് ഒരുക്കിയ പ്രീമിയം കോ വർക്കിംഗ് സ്‌പേസായ 'ഐ ബൈ ഇൻഫോപാർക്കി'ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. ഇവിടത്തെ ആദ്യ കമ്പനിയായ സോഹോ കോർപ്പറേഷനുള്ള അനുമതിപത്രം സോഹോ യു.എസ്.എ സി.ഇ.ഒ ടോണി തോമസിന് മുഖ്യമന്ത്രി കൈമാറി.
ഐ.ടി വകുപ്പിന്റെ വിഷൻ 2031 രേഖ മന്ത്രി പി. രാജീവിന് കൈമാറി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പൂർണമായി കേരളത്തിൽ രൂപകല്പന ചെയ്ത ആദ്യ 5 ജി ചിപ്പ് സിലീസിയം സർക്യൂട്ട് സി.ഇ.ഒ റിജിൽ ജോണിന്റെ സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രി പുറത്തിറക്കി. പി.വി. ശ്രീനിജിൻ എം.എൽ.എ, മേയർ അഡ്വ.എം. അനിൽകുമാർ, ഐ.ടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |