
വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
മുഖ്യമന്ത്രിക്കെതിരായ പരാമർശം നീക്കി
കൊച്ചി: അനധികൃത സ്വത്തുസമ്പാദനക്കേസിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ തുടരന്വേഷണം നിർദ്ദേശിച്ച തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിജിലൻസ് കോടതി വിധിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉണ്ടായിരുന്ന പരാമർശങ്ങൾ അനുചിതമെന്ന് വിലയിരുത്തി നീക്കി. അജിത്തിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് തള്ളിയായിരുന്നു വിജിലൻസ് കോടതി ഉത്തരവ്.
അതേസമയം, വിജിലൻസ് റിപ്പോർട്ടിനെതിരെ നെയ്യാറ്റിൻകര പി. നാഗരാജ് വിചാരണക്കോടതിയിൽ നൽകിയ പരാതി നിലനിൽക്കും. അജിത്‌കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സർക്കാർ അനുമതിതേടിയശേഷം പരാതിക്കാരന് വീണ്ടും കോടതിയെ സമീപിക്കാൻ അവസരമുണ്ടാകും. അജിത്തിന് ക്ലീൻചിറ്റ് നൽകിയ അന്വേഷണ റിപ്പോർട്ടുകൾ അംഗീകരിച്ചതിന്റെ പേരിലാണ് വിജിലൻസ് കോടതി മുഖ്യമന്ത്രിയെ വിമർശിച്ചത്.
അജിത്തിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസിന്റെയും ഉന്നതാധികാര സമിതിയുടെയും റിപ്പോർട്ടുകൾ നിയമപരമായി ചോദ്യം ചെയ്യാവുന്നതാണെന്നും ഹൈക്കോടതി വിധിച്ചു. വിജിലൻസ് കോടതി ഉത്തരവിനെതിരെ അജിത്‌കുമാർ നൽകിയ ഹർജി ഭാഗികമായി അനുവദിച്ചും മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങൾ നീക്കാൻ സർക്കാർ സമർപ്പിച്ച ഹർജി അംഗീകരിച്ചുമാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്.
സ്വകാര്യവ്യക്തിയുടെ പരാതിയായതിനാൽ റദ്ദാക്കണമെന്ന അജിത്തിന്റെ ആവശ്യം അനുവദിച്ചില്ല. അജിത്‌കുമാർ 15 കോടിയിലധികം രൂപയുടെ ബിനാമി സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നാരോപിച്ച് പി.വി.അൻവർ നൽകിയ പരാതിയിലാണ് വിജിലൻസ് ത്വരിതാന്വേഷണം നടത്തിയത്. കഴമ്പില്ലെന്ന് സർക്കാരിന് റിപ്പോർട്ട് നൽകി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള സമിതി റിപ്പോർട്ട് അംഗീകരിച്ചു. ഇതിനെതിരെയാണ് നാഗരാജ് വിജിലൻസ് കോടതിയെ സമീപിച്ചത്.
പ്രോസിക്യൂഷൻ
അനുമതി നേടണം
പൊതുസേവകരെ അഴിമതിക്ക് വിചാരണ ചെയ്യണമെങ്കിൽ അഴിമതിനിരോധന നിയമത്തിലെ 19(1) വകുപ്പുപ്രകാരം പരാതിക്കാർ സർക്കാരിൽനിന്നുള്ള പ്രോസിക്യൂഷൻ അനുമതി ഹാജരാക്കണമെന്ന് ഹൈക്കോടതി
അതിനുമുമ്പേ തുടരന്വേഷണം നിർദ്ദേശിച്ച വിജിലൻസ് കോടതി നടപടി നിയമപരമല്ല. ആരോപണവിധേയനെ ബന്ധപ്പെട്ട അതോറിറ്റി കേൾക്കണം. വിജിലൻസ് ജഡ്ജിയുടെ വിധി മനസിരുത്താതെയാണ്
നാഗരാജിന്റെ പരാതിയിൽ സ്വത്തുസമ്പാദന കാലയളവ് വിശദീകരിച്ചിട്ടുള്ളതിനാൽ ഈ ഘട്ടത്തിൽ പരാതി റദ്ദാക്കാനാകില്ല
മുഖ്യമന്ത്രി ചെയ്തത്
കൃത്യനിർവഹണം
കേസിൽ മുഖ്യമന്ത്രിക്ക് എന്താണ് കാര്യം, നിയമവിരുദ്ധമായി ക്ലീൻചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി എങ്ങനെ അംഗീകരിച്ചു തുടങ്ങിയ ചോദ്യങ്ങളാണ് വിജിലൻസ് കോടതി ഉത്തരവിലുണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ നടപടി ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഈ പരാമർശങ്ങൾ നീക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |