
□സ്വർണപ്പാളിയിൽ അന്വേഷണം ശരിയായി നീങ്ങിയാൽ തന്ത്രിയിലെത്തും
ചേർത്തല:ലൈംഗികാരാേപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ രാഷ്ട്രീയ ധാർമ്മികത കണക്കിലെടുത്ത് എം.എൽ.എ സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിലെ വസതിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു..
ഇനിയും ഇയാൾക്ക് പുണ്യവാളൻ പരിവേഷം നൽകുന്നത് കോൺഗ്രസിന്റെ സർവനാശത്തിന് കാരണമാകും. പശ്ചാത്താപമുണ്ടെങ്കിൽ ഇയാൾ രാഷ്ട്രീയം മതിയാക്കി വനവാസത്തിന് പോകണം. വിഷയത്തിൽ കോൺഗ്രസ് നേതാക്കൾക്ക് പല നിലപാടാണ്. ചിലർ ന്യൂട്രലടിക്കുകയാണ്. കോൺഗ്രസിൽ കൂട്ട കലഹത്തിന് ഇത് കാരണമായി. പരാതിയില്ലെന്ന പേരിൽ ഒഴിഞ്ഞുമാറി പുണ്യവാളനാകാനാണ് ഇതു വരെ ശ്രമിച്ചത്. ഇനിയത് വിലപ്പോകില്ല.
ശബരിമല സ്വർണപ്പാളി വിഷയവുമായി ഇതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. പത്മകുമാർ കുഴപ്പക്കാരനാണെന്ന് നേരത്തെ പറഞ്ഞതിന്റെ പേരിൽ തന്നെ ക്രൂശിക്കാനാണ് ശ്രമിച്ചത്. പ്രവർത്തന കാലയളവിൽ സ്വന്തം ആസ്തി വർദ്ധിപ്പിക്കാനാണ് പത്മകുമാർ ശ്രമിച്ചത്. ജില്ലാ സെക്രട്ടറിയായിരിക്കുമ്പോൾ വസ്തുക്കച്ചവടത്തിലും വാഹന ഇടപാടിലുമായിരുന്നു ശ്രദ്ധ . ശബരിമലയിൽ തന്ത്രിക്ക് ദക്ഷിണ വയ്ക്കാതെ ആർക്കും ഒന്നും ചെയ്യാനാകില്ല. അവിടത്തെ ആചാര ക്രമങ്ങൾ നിയന്ത്രിക്കുന്നത് തന്ത്രിയാണ്.അന്വേഷണം ശരിയായ ദിശയിൽ നീങ്ങിയാൽ തന്ത്രിയിലേക്കെത്തും. മന്ത്രിയെ ബന്ധിപ്പിക്കാനുള്ള നീക്കം രാഷ്ട്രീയ അജൻഡയുടെ ഭാഗമാണ്. മന്ത്രി ഭരണപരമായ കാര്യങ്ങളിൽ ഇടപെടാറില്ലെന്നത് എല്ലാവർക്കും അറിവുള്ളതാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമില്ല. വോട്ട് വ്യക്തിപരമാണ്. ഫലം കൊണ്ട് രാഷ്ട്രീയ സാഹചര്യം വിലയിരുത്താനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |