
□സർക്കാർ- ഗവർണർ സമവായം അകലെ
തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക,ഡിജിറ്റൽ സർവകലാശാല വൈസ്ചാൻസലർ നിയമനത്തിൽ സർക്കാരും ഗവർണറും സമവായത്തിലെത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചെങ്കിലും ,അതിനുള്ള സാദ്ധ്യത തെളിയുന്നില്ല. മുഖ്യമന്ത്രി കൈമാറിയ പട്ടികയിലുള്ളതു പോലെ നിയമനം നടത്താൻ ഗവർണർ ആർ.വി.ആർലേക്കർ തയ്യാറല്ല. ഗവർണർ നിർദ്ദേശിച്ച ഡോ.സിസാതോമസ് അയോഗ്യയാണെന്ന് സുപ്രീം കോടതിയെ അറിയിക്കാനാണ് സർക്കാർ തീരുമാനം. സമവായമില്ലെങ്കിൽ, ബംഗാളിലെപ്പോലെ കേരളത്തിലും വി.സി നിയമനം സുപ്രീം കോടതി നടത്താനാണിട.
സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സുധാൻഷു ധൂലിയ സമിതിയുടെ പട്ടികയിൽ മുഖ്യമന്ത്രി മുൻഗണനാക്രമം നിശ്ചയിച്ച് പുതിയ പട്ടികയാണ് ഗവർണർക്ക് കൈമാറിയത്. ധൂലിയ സമിതിയുടെ പട്ടികയിൽ സാങ്കേതിക സർവകലാശാലയിലേക്ക് ഡോ.ബിന്ദുഗോവിന്ദറാം, ഡോ.സി.സതീഷ്‌കുമാർ, ഡോ.സിസാതോമസ്, ഡോ.പ്രിയാചന്ദ്രൻ, ഡിജിറ്റൽ സർവകലാശാലയിലേക്ക് ഡോ.സിസാതോമസ്, ഡോ.ജിൻജോസ്, ഡോ.പ്രിയാചന്ദ്രൻ, ഡോ.രാജശ്രീ, ഡോ.സജിഗോപിനാഥ് എന്നിങ്ങനെയായിരുന്നു മുൻഗണന. ഇതിൽ മുഖ്യമന്ത്രി മുൻഗണന നിശ്ചയിച്ച് പട്ടിക പുതുക്കി. ആ പട്ടികയിൽ സാങ്കേതിക സർവകലാശാലയിൽ ഡോ.സതീഷ് കുമാർ, ഡോ.ബിന്ദു, ഡോ.പ്രിയാചന്ദ്രൻ, ഡോ.സിസാതോമസ് എന്നിങ്ങനെയായി. ഡിജിറ്റലിൽ ഡോ.സജി ഗോപിനാഥ്, ഡോ.രാജശ്രീ, ഡോ.ജിൻജോസ്, ഡോ.പ്രിയാചന്ദ്രൻ, ഡോ.സിസാതോമസ് എന്നിങ്ങനെയാക്കി. സിസയെ നിയമിക്കരുതെന്ന് പ്രത്യേകം കുറിപ്പും നൽകി.
നിയമനാധികാരി താനാണെന്നും മുഖ്യമന്ത്രിയുടെ പട്ടിക അംഗീകരിക്കാനാവില്ലെന്നുമാണ് ഗവർണറുടെ നിലപാട്. സാങ്കേതിക സർവകലാശാലയിൽ ഡോ.ബിന്ദുവിനെയും ഡിജിറ്റലിൽ ഡോ.സിസയെയും വിസിയായി നിയമിക്കാമെന്ന സത്യവാങ്മൂലമാണ് സുപ്രീം കോടതിയിൽ നൽകിയത്. ഇതിൽ ഉറച്ചു നിൽക്കുകയാണെന്നും സുപ്രീം കോടതി നിയോഗിച്ച ധൂലിയ സമിതിയുടെ ശുപാർശയിലെ ഒന്നാം പേരുകാരെയാണ് താൻ നിയമിക്കാൻ തീരുമാനിച്ചതെന്നുമാണ് ഗവർണറുടെ വാദം.
അതേസമയം, ചാൻസലർക്കെതിരേ സർക്കാർ സുപ്രീംകോടതിയിൽ നിലപാടറിയിക്കും. മുൻപ് അച്ചടക്ക നടപടിയടക്കം നേരിട്ടതിനാൽ ഡോ.സിസാതോമസ് അയോഗ്യയാണ്. സാങ്കേതിക സർവകലാശാലയിലെ മിനുട്ട്സ് മോഷണം പോയതിന് കേസുണ്ട്. ഡിജിറ്റൽ സർവകലാശാലയിൽ സി.എ.ജി അന്വേഷണത്തിനടക്കം ആവശ്യപ്പെട്ട് സർവകലാശാലയുടെ സത്പേര് ഇല്ലാതാക്കി. കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് യോഗത്തിനിടെ ഇറങ്ങിപ്പോയെന്നും സർക്കാർ ചൂണ്ടിക്കാട്ടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |