
ലോകം സാങ്കേതിക വളർച്ചയുടെ കൊടുമുടിയിലെത്തിയെങ്കിലും ഇനിയും ഏറെ മുന്നോട്ട് കുതിക്കാനുണ്ടെന്ന യാഥാർത്ഥ്യത്തിലൂടെയാണ് കടന്നുപോകുന്നത്. എ.ഐ സാങ്കേതിക വിദ്യയുടെ അനന്ത സാദ്ധ്യതകൾ സാധാരണക്കാരന്റെ വിരൽത്തുമ്പ് വരെയെത്തിയ വർഷമാണ് 2025. സാങ്കേതിക മേഖലയിൽ ഈവർഷം നടത്തിയ കുതിപ്പും പുതുവർഷ പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് സാങ്കേതിക വിദഗ്ദ്ധനും ടെക്ജെൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒയുമായ ജോയ് സെബാസ്റ്റ്യൻ.
എ.ഐ കുതിപ്പ്
നിത്യജീവിതത്തിൽ മനുഷ്യരെ സഹായിക്കുന്ന എ.ഐ അസിസ്റ്റന്റ് എന്ന നിലയിൽ നിന്ന് നമ്മുടെ ജോലികൾ സ്വയം ഏറ്റെടുത്ത് ചെയ്യാൻ കഴിവുള്ള എ.ഐ ഏജന്റുകളുടെ വരവാണ് ടെക്നോളജിയിലെ ഒരു കുതിച്ചു ചാട്ടം. ഇന്നുവരെ നമുക്ക് പരിചിതമായ എ.ഐ, നമ്മൾ ചോദിക്കുമ്പോൾ മറുപടി നൽകുന്ന അല്ലെങ്കിൽ എന്തെങ്കിലും ഒരു ടാസ്ക്ക് ചെയ്യാൻ സഹായിക്കുന്ന അസിസ്റ്റന്റുകൾ മാത്രമായിരുന്നു. എന്നാൽ 2025ൽ സ്ഥിതിമാറി. എ.ഐ ഏജന്റുകൾക്ക് ഒരു ഗോൾ കൊടുത്താൽ പൂർത്തിയാക്കണമെന്ന് സ്വയം പ്ലാൻ ചെയ്യാനും വിവിധ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് പ്രാവർത്തികമാക്കാനും കഴിയും. ഉദാഹരണത്തിന് നിങ്ങൾ ഒരു വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ പറഞ്ഞാൽ, ഏജന്റ് സ്വയം വെബ്സൈറ്റിൽ കയറി, നിരക്കുകൾ നോക്കി, കലണ്ടർ പരിശോധിച്ച് ടിക്കറ്റ് ബുക്ക് ചെയ്യും. ഡാറ്റാ എൻട്രി, കോഡിംഗ്, റിസർച്ച് തുടങ്ങിയ ജോലികൾ എ.ഐ ഏജന്റുകൾ സ്വയം ഏറ്റെടുത്ത് തുടങ്ങി.
പുതുവർഷ പ്രതീക്ഷകൾ
ശീതീകരിച്ച ലബോറട്ടറികളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ക്വാണ്ടം കമ്പ്യൂട്ടറുകൾ ലോകത്തിലെ ചില പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ തുടങ്ങി. ഏറ്റവും വേഗതയുള്ള സൂപ്പർ കമ്പ്യൂട്ടറുകളെ അപേക്ഷിച്ച് ആയിരക്കണക്കിന് മടങ്ങ് വേഗത്തിൽ ചില പ്രത്യേക ഗണിതപ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തി ക്വാണ്ടം കമ്പ്യൂട്ടറുകളുടെ വേഗതയെ കുറിച്ച് കൃത്യമായ ധാരണ സൃഷ്ടിക്കാൻ സാങ്കേതികമേഖലയ്ക്ക് സാധിച്ചു. ഇതുവരെ ശാസ്ത്രത്തിന് വിശദീകരിക്കാൻ കഴിയാത്ത പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കൽ, സങ്കീർണ്ണമായ രോഗനിർണ്ണയം, പുതുതലമുറ മരുന്നുകളുടെ ഗവേഷണം, ഉത്പാദനം, സൂക്ഷ്മവും കൃത്യവുമായ കാലാവസ്ഥ പ്രവചനം ഇങ്ങനെ വിവിധമേഖലകളിൽ വലിയ മുന്നേറ്റത്തിനാണ് കളമൊരുങ്ങുന്നത്.
പുതിയ വെല്ലുവിളികൾ
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിർമ്മിതബുദ്ധി ജനാധിപത്യത്തിന് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. 'കണ്ണുകൊണ്ട് കണ്ടാലും വിശ്വസിക്കരുത്" ഇതാണ് ഏറ്റവും വലിയ ഭീഷണി. രാഷ്ട്രീയ നേതാക്കൾ പറയാത്ത കാര്യങ്ങൾ അവർ പറഞ്ഞതായും ചെയ്യാത്ത കാര്യങ്ങൾ ചെയ്തതായും കാണിക്കുന്ന അതിമാരകമായ വീഡിയോകളും ഓഡിയോകളും പ്രചരിപ്പിക്കാൻ ഡീപ് ഫേക്ക് സാങ്കേതികവിദ്യ സഹായിക്കുന്നു. ഉദാഹരണത്തിന് വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഒരു പ്രമുഖ നേതാവ് വർഗീയമായോ അഴിമതിയെക്കുറിച്ചോ സംസാരിക്കുന്ന വ്യാജഓഡിയോ അല്ലെങ്കിൽ വീഡിയോ പുറത്തിറങ്ങിയാൽ, അത് സത്യമാണെന്ന് വോട്ടർമാർ വിശ്വസിച്ചേക്കാം. പിന്നീട് അത് വ്യാജമാണെന്ന് തെളിയുമ്പോഴേക്കും തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുണ്ടാകും.
എ.ഐ ചാറ്റ്ബോട്ടുകളാൽ നിമിഷങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് വ്യാജ വാർത്തകളുണ്ടാക്കാം. ഇത്തരം ക്യാമ്പയിനുകളും വാർത്തനിർമ്മാണവും ഒക്കെ ജനാധിപത്യത്തിനു തന്നെ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |