
തിരുവനന്തപുരം: തനിക്ക് മുന്നിൽ വരുന്ന ഫയലുകൾ മാത്രം നോക്കിയാൽ മതിയെന്ന സർക്കാർ സർവീസിലെ ചിലരുടെ ധാരണ മാറണമെന്നും ,ഓരോ ഓഫീസിലും എത്തുന്ന ഫയലുകളിൽ തീരുമാനം ഉണ്ടാകുന്നതു വരെ അത് ഓഫീസിന്റെ പൊതു ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.എ.എസ്.ഒ.എ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..
ഏതെങ്കിലും ഒരുദ്യോഗസ്ഥന്റെ വീഴ്ച കാരണം സേവനം വൈകുകയോ നിഷേധിക്കുകയോ ചെയ്യുന്നതിന്റെ കളങ്കം ഓഫീസിനും സർക്കാരിനുമാണ്.ബാല്യം തൊട്ട് കേരളത്തിന്റെ നാഡിമിടിപ്പറിഞ്ഞവരാണ് എന്നതാണ് കെ.എ.എസുകാരുടെ അധിക യോഗ്യത.
. ജനങ്ങൾക്ക് വേണ്ടിയുള്ള നയങ്ങളാണ് സംസ്ഥാന സർക്കാർ തുടർച്ചയായി നടപ്പിലാക്കുന്നത്. കാര്യക്ഷമവും ജനോന്മുഖവും അഴിമതി മുക്തവുമായ സിവിൽ സർവീസാണ് സർക്കാരിന്റെ ലക്ഷ്യം. സാങ്കേതിക കുരുക്കിൽപ്പെടുത്താതെ ജനങ്ങളുടെ ജീവിത കാര്യങ്ങളെ മനുഷ്യത്വപരമായി സമീപിക്കണം.
രൂപം കൊണ്ടിട്ട് നാല് വർഷം പിന്നിട്ടപ്പോൾ തന്നെ നാടിന്റെ വികസനത്തിൽ ശ്രദ്ധേയ സാന്നിദ്ധ്യമാകാൻ കെ.എ.എസിന് കഴിഞ്ഞു.നവകേരളം കർമ്മപദ്ധതി മുതൽ അതിദാരിദ്ര മുക്ത കേരളം പദ്ധതിയിൽ വരെ കെ.എ.എസ് ഉദ്യോഗസ്ഥരുടെ സജീവ സാന്നിദ്ധ്യമുണ്ട്. സംസ്ഥാന സർക്കാർ കെ.എ.എസ് രൂപീകരിച്ചത് ശരിയാണെന്ന് തെളിഞ്ഞു. കഴിവിന്റെയും കാര്യക്ഷമതയുടെയും കാര്യത്തിൽ കെ.എ.എസ് ഉദ്യോഗസ്ഥർ ആർക്കും പിന്നിലല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.എ.എസ്.ഒ.എ പ്രസിഡന്റ് ആർ.ശരത്ചന്ദ്രൻ അധ്യക്ഷനായി. സഹകരണ സംഘം രജിസ്ട്രാർ ഡി.സജിത് ബാബു, കെ.എ.എസ്.ഒ.എ സെക്രട്ടറി എൽ കെ പാർവതി ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എം.ഗൗതമൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |