
സംസ്‌കൃതത്തിലും മലയാളത്തിലും
തൃശൂർ:ആറ് തലമുറകളായി കൈമാറിക്കിട്ടിയ,അപൂർവ ആയുർവേദ മരുന്നുകൂട്ടുകളുടെ താളിയോല ഗ്രന്ഥം ആർക്കും ഉപകാരമില്ലാതെ,നശിക്കുമെന്ന ആശങ്കയിലാണ് പത്തനംതിട്ട കോന്നിയിലെ അരുവാപ്പുലം വരുവായിൽ കുടുംബം.മൂന്ന് നൂറ്റാണ്ടോളം പഴക്കമുള്ള 42 താളുകളുള്ള ഗ്രന്ഥം നൂറ്റാണ്ടായി പൂജാമുറിയിലാണ് സൂക്ഷിക്കുന്നത്.അതിൽ അർബുദം,ക്ഷയം,നാഡീ ഞരമ്പുകളുടെ അസുഖം എന്നിവയ്ക്കും മർമ്മചികിത്സയ്ക്കുമുള്ള അപൂർവ ആയുർവേദ മരുന്നുകൂട്ടുകളുണ്ട്.മന്ത്രവിധികളോട് കൂടിയതാണ് ഇതിന്റെ കൂട്ട്.പന്തളം കൊട്ടാരവുമായി ബന്ധപ്പെട്ട വൈദ്യന്മാരായ കുറുപ്പന്മാരുടെ കുടുംബമാണ് വരുവായിൽ തറവാട്.
താളിയോല ഗ്രന്ഥത്തിലെ ലിപി സംസ്‌കൃതത്തിലും പഴയ മലയാളത്തിലുമാണ്.ആധുനിക സാങ്കേതികവിദ്യകൾ പ്രകാരം ഇത് ഏത് ഭാഷയിലേക്കും വിവർത്തനം ചെയ്യാം.മ്യൂസിയത്തിൽ സൂക്ഷിക്കാൻ ചെന്നൈയിൽ നിന്ന് ഇടനിലക്കാരെത്തിയെങ്കലും നൽകിയില്ല.ആയുർവേദ സംസ്‌കൃത വിദഗ്ദ്ധരാണ് പ്രാധാന്യം ചൂണ്ടിക്കാട്ടിയത്.അവർ വിവിധതരം പച്ചിലകൾ കൊണ്ട് വൃത്തിയാക്കിയതോടെ ലിപികൾ കൂടുതൽ തെളിഞ്ഞു.
ആയുർവേദ താളിയോലകൾ
പുരാതന ആയുർവേദ ചികിത്സാ രീതികൾ,ഔഷധക്കൂട്ടുകൾ,ശസ്ത്രക്രിയ രീതികൾ എന്നിവ രേഖപ്പെടുത്തിയിരിക്കുന്ന പനയോലകളാണ് ആയുർവേദ താളിയോലകൾ.നാരായം ഉപയോഗിച്ചാണ് എഴുതുന്നത്.ഇത് നൂറ്റാണ്ടുകൾ പഴക്കമുള്ള ആരോഗ്യ വിജ്ഞാനത്തിന്റെ പ്രധാന സ്രോതസാണ്.കടലാസ് പ്രചാരത്തിലാകും മുൻപ്,കേരളത്തിൽ മരുന്ന് നിർമ്മാണരീതികളും ചികിത്സാ വിജ്ഞാനവും സംരക്ഷിക്കാൻ ഉപയോഗിച്ചിരുന്നത് താളിയോലകളാണ്.ആയുർവേദ ശാഖ വികസിച്ചതും താളിയോലയിലെ അറിവുകളിൽ നിന്നായിരുന്നു.
വൻ തുക നൽകാമെന്ന് പറഞ്ഞ് പലരും സമീപിച്ചു.പക്ഷേ,അർഹതപ്പെട്ട കൈകളിൽ ഈ താളിയോല ഗ്രന്ഥങ്ങളെത്തണം.ആയുർവേദ ചികിത്സാ മേഖലയ്ക്ക് അതൊരു മുതൽക്കൂട്ടാകണം.
അശ്വതി ആർ.നായർ,
വരുവായിൽ കുടുംബാംഗം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |