തിരുവനന്തപുരം: സംസ്ഥാനത്തെ 505 ഗ്രാമപഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട് താത്കാലിക തസ്തിക അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കരാറടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന മാനദണ്ഡങ്ങൾക്കും നടപടിക്രമങ്ങൾക്കും വിധേയമായിട്ടാകും നിയമനം.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് നിരന്തരം പ്രകൃതി ക്ഷോഭങ്ങളുണ്ടാവുകയും കൃഷിനാശം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ കടാശ്വാസത്തിന് പരിഗണിക്കുന്ന വായ്പാ തീയതികളിൽ മാറ്റം വരുത്തി. സഹകരണ ബാങ്കുകളിലോ സംഘങ്ങളിലോ നിന്നെടുത്ത വായ്പകളിൽ കടാശ്വാസത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി വയനാട്, ഇടുക്കി ജില്ലകളിൽ 2020 ആഗസ്റ്റ് 31 വരെയാക്കി. 2018 ആഗസ്റ്റ് 31വരെയായിരുന്നതാണ് ദീർഘിപ്പിച്ചത്. മറ്റ് ജില്ലകളിലെ അപേക്ഷകർക്ക് 2014 മാർച്ച് 31 എന്നത് 2016 മാർച്ച് 31വരെയാക്കി ദീർഘിപ്പിച്ചു.
കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിലെ വർക്ക്മെൻ വിഭാഗം ജീവനക്കാരുടെ 2017 ജനുവരി ഒന്ന് മുതലുള്ള ദീർഘകാല കരാർ, ഭേദഗതിയോടെ വ്യവസ്ഥകൾക്ക് വിധേയമായി നടപ്പാക്കാൻ അനുമതി നൽകി. കരാർ പ്രകാരമുള്ള ആനുകൂല്യങ്ങളുടെ 80 ശതമാനം റിക്കവറബിൾ അഡ്വാൻസായി ഈ വർഷം ഫെബ്രുവരി മുതൽ അനുവദിച്ച നടപടി സാധൂകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |