തിരുവനന്തപുരം: പി.എം ഇ ബസ് സേവാ പദ്ധതി പ്രകാരം ഇലക്ട്രിക് ബസുകൾ നൽകാൻ കേന്ദ്രം തയ്യാറാകുമ്പോഴും കേരളം ഡീസൽ ബസിന്റെ പിറകേ പായുകയാണ്. നഗര ഗതാഗതത്തിന് 305 മിനി ബസുകൾ വാങ്ങാനുള്ള ടെൻഡർ നടപടികളിലേക്ക് കെ.എസ്.ആർ.ടി.സി കടന്നു. എന്നാൽ, ഇതിനുള്ള പണം ഉറപ്പാക്കിയിട്ടില്ല.
പ്ലാൻ ഫണ്ടിൽ സർക്കാർ 93 കോടിരൂപ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് നടപടികളാരംഭിച്ചത്. രാജ്യത്തെ മിക്കവാറും നഗരങ്ങൾ പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോഴാണ് കേരളത്തിലെ പൊതുഗതാഗതം വീണ്ടും പുകവമിക്കും ഡീസൽ വണ്ടിയോട് പ്രേമം നടിക്കുന്നത്.
2001-03 ൽ ഗണേശ്‌കുമാർ മന്ത്രിയായിരുന്നപ്പോഴും തുടർന്ന് എൻ.ശക്തൻ മന്ത്രിയായപ്പോഴും മിനി ബസ് വാങ്ങിയിരുന്നു. ഇത് കെ.എസ്.ആർ.ടി.സിക്ക് കനത്ത നഷ്ടം വരുത്തി. തുടർന്ന് പാതിവഴിയിൽ ഉപേക്ഷിച്ചു. ഈ ചരിത്രം മറന്നാണ് വീണ്ടും മിനി ബസ് വാങ്ങാൻ ടെൻഡർ ക്ഷണിച്ചത്. അന്ന് കെ.ടി.ഡി.എഫ്.സിയിൽ നിന്ന് വായ്പ എടുത്തായിരുന്നു മിനി ബസ് വാങ്ങൽ. രണ്ടാം ഘട്ടമായി ടെൻഡർ കൊടുത്ത ബസുകൾ എത്തുന്നതിനു മുമ്പു മൂന്നാമതും ടെൻഡർ ക്ഷണിക്കാൻ ഗതാഗതവകുപ്പ് നീക്കം നടത്തി. അന്ന് കെ.എസ്.ആർ.ടി.സിയുടെ ധനകാര്യ ഉപദേഷ്ടാവായിരുന്ന ധനവകുപ്പ് അഡിഷണൽ സെക്രട്ടറി എതിർപ്പ് അറിയിച്ചതോടെയാണ് മൂന്നാം കച്ചവടം നടക്കാതായത്. വീണ്ടും ബസുകൾ വാങ്ങിയിരുന്നെങ്കിൽ കെ.എസ്.ആർ.ടി.സി കൂടുതൽ കടക്കെണിയിലാകുമായിരുന്നു. മിനിബസുകൾ നിരനിരയായി കട്ടപ്പുറത്താകുന്നതാണ് പിന്നീട് കണ്ട കാഴ്ച.
2200 ബസുകൾ കട്ടപ്പുറത്തേക്ക്
കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസിന് ഉപയോഗിക്കുന്ന 1200 ബസുകളുടെ കാലാവധി അടുത്ത മാസം അവസാനിക്കും. 15 വർഷം കഴിഞ്ഞപ്പോൾ ഈ ബസുകളുടെ കാലാവധി ഒരു വർഷം കൂടി നീട്ടിനൽകിയതായിരുന്നു. അടുത്ത മാസം ആയിരത്തോളം ബസുകൾക്കുകൂടി 15 വർഷമാവും. ഫാസ്റ്റ് പാസഞ്ചാറായി സർവീസ് നടത്തുന്ന ബസുകളെ 5വർഷം കഴിയുമ്പോൾ ഓർഡിനറിയാക്കുകയാണ് ചെയ്യുന്നത്. 5 വർഷമാണ് ബസുകൾ സൂപ്പർക്ലാസ് സർവീസിന് ഉപയോഗിക്കുക. പുതിയ ബസുകൾ വാങ്ങാൻ കഴിയാത്തതുകാരണം പ്രത്യേക ഉത്തരവിലൂടെ 280 ബസുകളുടെ കാലാവധി 8 വർഷമായി ദീർഘിപ്പിച്ചിരുന്നു. ആ കാലാവധിയും കഴിയാറായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |