തിരുവനന്തപുരം: നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന പദ്ധതികളും പ്രഖ്യാപനങ്ങളും ബഡ്ജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സാമ്പത്തിക ഞെരുക്കം വികസന ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സാമൂഹ്യ ക്ഷേമരംഗത്തും മെച്ചപ്പെട്ട നിലയിൽ പണം ചെലവഴിച്ചിട്ടുണ്ടെന്നും ഇപ്പോൾ സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ നാം അതിജീവിച്ചു തുടങ്ങുകയാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ധനകാര്യ മന്ത്രി എന്ന നിലയിലുള്ള അഞ്ചാമത്തെ സംസ്ഥാന ബഡ്ജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. സവിശേഷമായ ഒരു ഘട്ടത്തിലാണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന കേരളം ഇക്കാലത്ത് നേരിട്ടു. സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ മികച്ച നിലയിൽ വർദ്ധനവുണ്ടാക്കിയിട്ടും കേന്ദ്രവിഹിതത്തിൽ വരുത്തിയ വെട്ടിക്കുറവ് മൂലം നമുക്ക് സാമ്പത്തിക ഞെരുക്കം അനുഭവിക്കേണ്ടിവന്നു.
സാമ്പത്തിക ഞെരുക്കം വികസന ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിച്ചു. നിർണായകമായ പല വികസന പദ്ധതികൾക്കും ഇക്കാലയളവിൽ തുടക്കം കുറിച്ചു. മുൻ സർക്കാരിന്റെ അഭിമാന പദ്ധതികൾ ഒരു മുടക്കവും കൂടാതെ മുന്നോട്ടു കൊണ്ടുപോയി.
സാമൂഹ്യ ക്ഷേമരംഗത്തും മെച്ചപ്പെട്ട നിലയിൽ പണം ചെലവഴിച്ചു. ഇപ്പോൾ സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ നാം അതിജീവിച്ചു തുടങ്ങുകയാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാൻ കഴിയുന്നു എന്ന സന്തോഷ വർത്തമാനമാണ് ബഡ്ജറ്റിന് മുന്നോടിയായി പങ്കുവെക്കാനുള്ളത്.
നമ്മുടെ നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ബഡ്ജറ്റിൽ ഉണ്ടാകും. എല്ലാവർക്കും ശുഭദിനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |