തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ ഇത്തവണ മുതൽ ബഹറൈൻ, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലും നടത്തും. നിലവിൽ ദുബായ്, ഡൽഹി, മുംബയ് എന്നിവിടങ്ങളിലാണ് കേരളത്തിന് പുറത്ത് പരീക്ഷ നടത്തുന്നത്. ഇത്തവണ മുതൽ ഫാർമസിക്ക് പ്രത്യേക എൻട്രൻസ് പരീക്ഷയുണ്ട്.
വിദേശത്ത് പരീക്ഷ നടത്തുന്നത് ഇന്ത്യൻ കോൺസുലേറ്റിന്റെ മേൽനോട്ടത്തിലാണ്. പരീക്ഷാ നടത്തിപ്പിന് എൻട്രൻസ് കമ്മിഷണറേറ്രിലെ ഉദ്യോഗസ്ഥർ വിദേശത്തെത്തും. ഇന്ത്യൻ സ്കൂളായിരിക്കും പരീക്ഷാകേന്ദ്രം. ചുരുങ്ങിയത് 120കുട്ടികളെങ്കിലും ഉണ്ടെങ്കിലേ പരീക്ഷാകേന്ദ്രം അനുവദിക്കാനാവൂ. ഇത്തവണത്തെ എൻട്രൻസ് അപേക്ഷയിൽ ഈ പരീക്ഷാകേന്ദ്രങ്ങൾ താത്കാലികമായി ഉൾപ്പെടുത്തും. ആവശ്യത്തിന് കുട്ടികളില്ലെങ്കിൽ ഇവർ മറ്റിടങ്ങളിൽ പരീക്ഷയെഴുതേണ്ടി വരും.
ദുബായിലും ഡൽഹിയിലും മുന്നൂറിലേറെ കുട്ടികൾ പരീക്ഷയ്ക്കെത്താറുണ്ട്. കൊവിഡ് കാലത്തുപോലും ദുബായിൽ പരീക്ഷ നടത്തിയിരുന്നു. മുംബയിൽ ഇരുനൂറോളം പേരുണ്ടാവും. ബംഗളുരുവിൽ പരീക്ഷാകേന്ദ്രം വേണമെന്ന് അവിടത്തെ മലയാളികളുടെ ദീർഘകാലമായുള്ള ആവശ്യമാണ്.
പരീക്ഷ ഓൺലൈനായി
ഏപ്രിൽ 24, 25, 26, 27, 28 തീയതികളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ച് വരെ ഓൺലൈനായാണ് പരീക്ഷ നടത്തുക. ഏപ്രിൽ 22, 23, 29, 30 തീയതികൾ ബഫർ ഡേയായിരിക്കും. നിലവിൽ 130 സ്ഥാപനങ്ങളിൽ 198 പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഡൽഹിയിൽ രണ്ടും മുംബയ്, ദുബായ് എന്നിവിടങ്ങളിൽ ഓരോ പരീക്ഷാകേന്ദ്രവുമുണ്ട്. ഒരു ദിവസം പരമാവധി 18,993 പേർക്കാണ് പരീക്ഷ. ഒരു പരീക്ഷാകേന്ദ്രത്തിൽ ഒരേ സമയം പരമാവധി 126 കുട്ടികൾക്ക് വരെ പരീക്ഷയ്ക്കിരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |