തിരുവനന്തപുരം: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ അപ്പീലിന് പോകില്ലെന്ന് സര്‍ക്കാര്‍. പുതുക്കിയ റാങ്ക് ലിസ്റ്റ് വ്യാഴാഴ്ച തന്നെ പ്രഖ്യാപിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. പഴയ പ്രോസ്പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പുറത്തിറക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നതെന്നും എത്രയും പെട്ടെന്ന് ഇത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് പറയാനാകില്ലെന്നും ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു.
'പഴയ മാനദണ്ഡത്തില്‍ നീതികേടുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ബദല്‍ കണ്ടെത്താന്‍ ശ്രമിച്ചത്. അത് തെറ്റാണെന്നല്ല മറിച്ച് പ്രോസ്പെക്ടസില്‍ മാറ്റം വരുത്തിയ സമയം ശരിയല്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. യഥാര്‍ഥത്തില്‍ പ്രോസ്പെക്ടസില്‍ ഏതു സമയത്തും മാറ്റം വരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. പക്ഷേ കോടതിവിധി അംഗീകരിക്കുകയാണ്. എഐസിടി പ്രവേശനത്തിന് അവസാനതിയതി പറഞ്ഞിരിക്കുന്നത് ഓഗസ്റ്റ് 14 ആണ്. അതിനു മുന്‍പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. ആ സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം വരെ തുടര്‍ന്ന പ്രക്രിയ തന്നെ തുടരും.'- മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ഹൈക്കോടതി റാങ്ക് പട്ടിക റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കും. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയിരിക്കുന്നത്. ഇതോടെ പ്രവേശന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ സാധിക്കാത്ത സ്ഥിതിയായി.പ്രോസ്പെക്ടസ് പുറത്തിറക്കി എന്‍ട്രന്‍സ് പരീക്ഷയുടെ സ്‌കോര്‍ പ്രസിദ്ധപ്പെടുത്തിയ ശേഷം വെയിറ്റേജില്‍ മാറ്റം വരുത്തുന്നത് നിയമപരമല്ല എന്ന സിംഗിള്‍ ബെഞ്ചിന്റെ കണ്ടെത്തല്‍ ഡിവിഷന്‍ ബെഞ്ച് ശരിവച്ചു.
2011 മുതലുള്ള മാനദണ്ഡം അനുസരിച്ച് വെയിറ്റേജ് കണക്കാക്കി ഫലം പുനഃപ്രസിദ്ധീകരിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. നിലവിലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട നിരവധിപേര്‍ ഇതോടെ പട്ടികയ്ക്ക് പുറത്തുപോകും. സംസ്ഥാനത്തെ എഞ്ചിനീയറിങ്, ആര്‍ക്കിടെക്ചര്‍ , ഫാര്‍മസി കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷയാണ് കീം. മാര്‍ക്ക് വിവരങ്ങളെല്ലാം ഡിജിറ്റലായി ശേഖരിച്ചിട്ടുള്ളതിനാല്‍ സോഫ്റ്റ്വെയറില്‍ ചെറിയ മാറ്റംവരുത്തി പുതിയ റാങ്ക് ലിസ്റ്റ് രണ്ട് ദിവസത്തിനകം പ്രസിദ്ധീകരിക്കാനാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |