തിരുവനന്തപുരം: മന്ത്രിയായിരുന്ന കാലത്ത് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ സ്‌ത്രീകളോട് മോശമായി പെരുമാറിയെന്ന് പരാതി. പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുമായ പോത്തൻകോട് സ്വദേശി മുനീറാണ് പരാതി നൽകിയത്. ഡിജിപിക്കാണ് പരാതി നൽകിയിരിക്കുന്നത്.
കടകംപള്ളി സുരേന്ദ്രൻ മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്തുവെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കടകംപള്ളിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. എംഎൽഎക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ സ്‌ത്രീകളെ കണ്ടെത്തി അവരുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കണമെന്നും പരാതിയിൽ പറയുന്നു.
കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെയും ലൈംഗിക ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് സിപിഎം നേതാവിനെതിരെയും പരാതി ഉയർന്നിരിക്കുന്നത്. സി കൃഷ്ണകുമാർ പീഡിപ്പിച്ചെന്നാണ് ബന്ധുവായ യുവതിയുടെ പരാതി. പാലക്കാട് സ്വദേശിനിയായ ഇവർ എറണാകുളത്താണ് താമസിക്കുന്നത്. പീഡനത്തെക്കുറിച്ച് യുവതി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് ഇ-മെയിലിലൂടെ പരാതി നൽകുകയായിരുന്നു.
ഇക്കാര്യം രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസും സ്ഥിരീകരിച്ചു. എന്നാൽ പീഡനാരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു സി കൃഷ്ണകുമാറിന്റെ പ്രതികരണം. ഇതിനുപിന്നിൽ പാർട്ടി വിട്ടുപോയ അസുരവിത്താണെന്നും ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുനമെന്നും കൃഷ്ണകുമാർ വ്യക്തമാക്കിയിരുന്നു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന കേസിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുണ്ടായിരുന്ന പരാതികൾ പുതിയ അന്വേഷണ ഉദ്യോഗസ്ഥനായ ഷാജിക്ക് കൈമാറി. ലൈംഗിക ആരോപണം നേരിടുന്ന രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനവും രാജിവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |