തിരുവനന്തപുരം: കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യുക്കേഷൻ പ്ലസ് റിപ്പോർട്ടിൽ മുന്നിലെത്തി കേരളം. സ്‌കൂൾ വിദ്യാർത്ഥികളുടെ അക്കാഡമിക് നിലവാരം, പഠനത്തുടർച്ച, സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ, ലിംഗസമത്വം എന്നീ മേഖലകളിലെല്ലാം മുന്നിലാണ് കേരളം. ഒന്നാംക്ലാസ് പ്രവേശനം നേടുന്നവരിൽ പത്താംക്ലാസിലെത്തുന്നവരുടെ ദേശീയ ശരാശരി 62.9 ശതമാനമാണെന്നിരിക്കെ കേരളത്തിൽ ഇത് 99.5 ശതമാനമാണ്.
പന്ത്രണ്ടാം ക്ലാസിലെത്തുന്നവരുടെ ദേശീയ ശരാശരി 47.2 ശതമാനമെങ്കിൽ കേരളത്തിൽ 90 ശതമാനമാണ്.
പഠനാവശ്യത്തിന് കമ്പ്യൂട്ടർ ലഭ്യമായ സ്‌കൂളുകളുടെ ദേശീയ ശരാശരി 57.9 ആണെന്നിരിക്കെ കേരളത്തിൽ 99.1. സർക്കാർ സ്‌കൂളുകളിൽ ഈ സൗകര്യത്തിന്റെ ദേശീയ ശരാശരി 52.7 ശതമാനവും കേരളത്തിൽ ഇത് 99.3 ശതമാനവുമാണ്. 91.7 ശതമാനം സ്‌കൂളുകളും കേരളത്തിൽ ഇന്റർനെറ്റ് സൗകര്യമുള്ളവയാണ്. ലിംഗസമത്വ സൂചികയായ ജെൻഡർ പാരിറ്റി ഇൻഡെക്സ് സ്‌കൂൾ വിദ്യാഭ്യാസത്തിൽ എല്ലാതലങ്ങളിലും കേരളം ഒന്നിന് മുകളിലാണ്. ഇത് പെൺകുട്ടികളുടെ പഠനപങ്കാളിത്തം ആൺകുട്ടികളുടേതിന് തുല്യമോ അതിൽ കൂടുതലോ ആണെന്ന് വ്യക്തമാക്കുന്നു. അദ്ധ്യാപകരുടെ ഗുണമേന്മയിലും സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളിലും കേരളം മുൻപന്തിയിലാണ്. ലൈബ്രറി, കളിസ്ഥലം, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടോയ്ലറ്റുകൾ, വൈദ്യുതി കണക്ഷൻ, ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയിൽ കേരളത്തിലെ സ്‌കൂളുകൾ ഏറെ മുന്നിലാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്
ഗുജറാത്ത് പിന്നിൽ
വികസന മാതൃകയായി ചൂണ്ടികാണിക്കപ്പെടുന്ന ഗുജറാത്തിൽ ഒന്നാം ക്ലാസ് പ്രവേശനം നേടുന്നവരിൽ 71.2 ശതമാനം കുട്ടികൾ മാത്രമേ പത്താം ക്ലാസിലെത്തുന്നുള്ളൂ. 12ാം ക്ലാസിലെത്തുന്നതാകട്ടെ കേവലം 42.3 ശതമാനവും. ഉത്തർപ്രദേശിൽ 49.6 ശതമാനം കുട്ടികൾ മാത്രമാണ് പത്താം ക്ലാസിലെത്തുന്നത്. 42.8 ശതമാനം മാത്രമാണ് ഹയർസെക്കൻഡറിയിലെത്തുന്നത്. ഉത്തർപ്രദേശിൽ 45.9 ശതമാനം സ്‌കൂളുകളിൽ മാത്രമേ ഇന്റർനെറ്റ് സൗകര്യമുള്ളൂ. സർക്കാർ സ്‌കൂളുകളിലാകട്ടെ ഇത് 35.6 ശതമാനവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |