കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് ഇന്നും മൊബൈൽ ഫോൺ പിടികൂടി. ന്യൂ ബ്ലോക്കിന്റെ പിറക് വശത്ത് ഒളിപ്പിച്ചനിലയിലാണ് ഫോൺ കണ്ടെത്തിയത്. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. കൊടും കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന കർശനമാക്കിയത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏഴ് മൊബൈൽ ഫോണുകളാണ് ജയിലിൽ നിന്ന് പിടികൂടിയത്. രണ്ട് ദിവസം മുമ്പ് പുതിയ ബ്ലോക്കിലെ തടവുകാരൻ യു ടി ദിനേശിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു. സെല്ലിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ.
പനങ്കാവ് സ്വദേശിയായ യുവാവ് കഴിഞ്ഞ ഞായറാഴ്ച മൊബൈൽ ഫോണുകളും ലഹരിവസ്തുക്കളും എറിഞ്ഞുകൊടുക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലായിരുന്നു. ഇയാളിൽ നിന്ന് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
പുറത്തുനിന്ന് ജയിലിനകത്തേക്ക് സാധനങ്ങൾ വിതരണം ചെയ്യുന്നതിനെക്കുറിച്ചാണ് പിടിയിലായ യുവാവ് വെളിപ്പെടുത്തിയത്. പുറത്തുള്ള സഹായികൾ ആവശ്യമായ വസ്തുക്കൾ ദേശീയപാതയോട് ചേർന്നുള്ള ജയിൽ മതിലിന് സമീപത്തുനിന്ന് എറിഞ്ഞുകൊടുക്കുന്നു. ആദ്യം കല്ലെറിഞ്ഞുകൊണ്ട് സിഗ്നൽ നൽകും, തുടർന്ന് മൊബൈൽ ഫോണുകളും ലഹരിവസ്തുക്കളും മതിലിനു മുകളിലൂടെ എറിഞ്ഞുകൊടുക്കും. ഈ സേവനത്തിന് പുറത്തുള്ളവർക്ക് 1000 മുതൽ 2000 രൂപ വരെ, പ്രതിഫലം ലഭിക്കുന്നു. വിതരണം പൂർത്തിയായാൽ ഗൂഗിൾ പേയിലൂടെ പണം അയച്ചുകൊടുക്കലാണ് പതിവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |