
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബയുടെ ചിത്രം വച്ചുള്ള നടത്തിയ പരിപാടി തടയാൻ ശ്രമിച്ച യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. കെ.എസ്.അനിൽകുമാറിനെ വിമർശിച്ച് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ റിപ്പോർട്ട്. സെനറ്റ് ഹാളിൽ താൻ പങ്കെടുത്ത ചടങ്ങ് വൈകാനും അവസാനനിമിഷം അനുമതി റദ്ദാക്കാനും ഇടയായ സാഹചര്യം വിശദീകരിക്കാൻ ഗവർണർ ആർ.വി.ആർലേക്കർ കേരള സർവകലാശാല വിസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
രജിസ്‌ട്രാർ ബാഹ്യസമ്മർദ്ദത്തിന് വഴങ്ങിയെന്നാണ് വിസിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഗവർണറെ തടഞ്ഞത് ബോധപൂർവ്വമാണ്. പരിപാടിക്ക് അനുമതി റദ്ദാക്കിയതിന് വ്യക്തമായ കാരണങ്ങളില്ല. ഗവർണർ സെനറ്റ് ഹാളിൽ എത്തിയതിനുശേഷമാണ് അനുമതി റദ്ദാക്കിയതായി കാട്ടിയ മെയിൽ രാജ്‌ഭവന് അയച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഉന്നതതല അന്വേഷണത്തിന് റിപ്പോർട്ടിൽ ശുപാർശയുണ്ട്. റിപ്പോർട്ട് വിസി രാജ്‌ഭവന് നൽകിയെന്നാണ് വിവരം. സംഭവത്തിൽ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. കെ.എസ്.അനിൽകുമാറിനോട് ഗവർണറുടെ നിർദ്ദേശ പ്രകാരം വിസി ഡോ. മോഹനൻ കുന്നുമ്മൽ വിശദീകരണം തേടിയിരിക്കുകയാണ്.
സെനറ്റ് ഹാളിൽ ശ്രീപദ്മനാഭ സേവാസമിതിയുടെ അടിയന്തരാവസ്ഥ അനുസ്മരണ ചടങ്ങിലാണ് സംഘർഷമുണ്ടായത്. രജിസ്ട്രാർക്കെതിരെ സംഘാടകരായ ശ്രീപദ്മനാഭ സേവാ സമിതി വൈസ്ചാൻസലർക്ക് പരാതി നൽകിയിരുന്നു. മതചിഹ്നമല്ലാത്ത ഭാരതാംബ ചിത്രം മാറ്റണമെന്ന് രജിസ്ട്രാർ നിർദ്ദേശിച്ചെന്നും പരിപാടി റദ്ദാക്കിയെന്ന തെറ്റായ വിവരം രജിസ്ട്രാർ ഗവർണറെ അറിയിച്ചെന്നും പരാതിയിലുണ്ട്. ഗവർണർ വേദിയിലെത്തി 14 മിനിറ്റിന് ശേഷമാണ് പരിപാടിക്ക് ഹാൾ റദ്ദാക്കിയെന്ന ഇ-മെയിൽ സംഘാടകർക്ക് ലഭിച്ചത്. രജിസ്ട്രാറെ സസ്പെൻഡ് ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം. സംഘാടകർ പൊലീസിലും പരാതിപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |