
മൂർഖൻ, അണലി, രാജവെമ്പാല തുടങ്ങി നിരവധി പാമ്പുകൾ കേരളത്തിലുണ്ട്. പാമ്പുകടിയേറ്റ് ഒരുപാട് പേർ മരിച്ചു. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരുപരിധിവരെ പാമ്പുകടിയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും. പ്രകോപനമുണ്ടായാൽ മാത്രമേ മിക്ക പാമ്പുകളും ആക്രമണത്തിന് മുതിരാറുള്ളു. അതിനാൽത്തന്നെ പാമ്പിനെ കണ്ടാൽ പെട്ടെന്നുള്ള ചലനങ്ങൾ ഒഴിവാക്കുക, പതുക്കെ പിന്നോട്ട് പോകുക.
പാമ്പ് ചത്തതായി തോന്നിയാലും അതിനെ കൈകാര്യം ചെയ്യാൻ ശ്രമിക്കരുത്. ചെറിയൊരു ജീവൻ അവശേഷിക്കുന്നുണ്ടെങ്കിൽപ്പോലും നിങ്ങൾക്ക് കടിയേൽക്കാൻ സാദ്ധ്യതയേറെയാണ്. ഇത്തരമൊരു സന്ദർഭത്തിൽ ഒറ്റകടിയിൽത്തന്നെ ജീവന് ആപത്തുവരുത്തുന്നത്ര വിഷം നിങ്ങളുടെ ശരീരത്തിൽ കുത്തിവയ്‌ക്കാൻ ഇവയ്ക്ക് സാധിക്കുന്നു.
ഇടതൂർന്ന സസ്യജാലങ്ങളിലൂടെയോ ഉയരമുള്ള പുല്ലിലൂടെയോ നടക്കുന്നത് ഒഴിവാക്കുക. ജലാശയങ്ങൾക്ക് സമീപം ജാഗ്രത പാലിക്കുക. എലിയുടെയോ മറ്റോ മാളങ്ങൾ കണ്ടാൽ അടയ്ക്കുക. മാളങ്ങളുടെ ഉള്ളിൽ കൈകളോ കാലുകളോ ഇടരുത്. പകരം നിളമുള്ള വടിയോ മറ്റോ ഉപയോഗിച്ച് അതിനുള്ളിൽ പാമ്പുകളില്ലെന്ന് ഉറപ്പാക്കുക.
പാമ്പുകൾക്ക് കേൾക്കാൻ കഴിയില്ലെന്നാണ് പറയപ്പെടുന്നത്. പക്ഷേ അവയ്ക്ക് ചലനങ്ങൾ മനസിലാകും. നിങ്ങൾ നടക്കുന്നതൊക്കെ അതിന് മനസിലാകും. കൂട്ടിയിട്ടിരിക്കുന്ന തടികളും ചിരട്ടകളും കരിയിലകളും മറ്റും മാറ്റുമ്പോൾ കട്ടിയുള്ള കയ്യുറകൾ ഉപയോഗിക്കുക.
ഉയരമുള്ള പുല്ലിലോ വനങ്ങളിലോ പാറക്കെട്ടുകളിലോ നടക്കുമ്പോൾ ബൂട്ടുകളും നീളമുള്ള പാന്റും ധരിക്കുക. പാമ്പ് കടിച്ചാലും വിഷം ശരീരത്തിലെത്താതിരിക്കാൻ ഇത് സഹായിക്കും. രാത്രിയിൽ നടക്കുമ്പോൾ പാമ്പിനെ ചവിട്ടിപ്പോകാതിരിക്കാൻ എപ്പോഴും ടോർച്ച് കരുതുക. വീട്ടുപരിസരങ്ങളിൽ നിന്ന് കരിയിലകൾ അടക്കമുള്ളവ നീക്കം ചെയ്യുക. എലിയെ തുരത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |