
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ സ്‌മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വീണ്ടും ചോദ്യം ചെയ്തു. ഇന്നലെയാണ് പങ്കജ് ഭണ്ഡാരിയെയും രണ്ട് ജീവനക്കാരെയും ചോദ്യം ചെയ്തത്. രാത്രിയോടെ ഇവരെ വിട്ടയച്ചു. പി എസ് പ്രശാന്ത് പ്രസിഡന്റായ ബോർഡിലെ എല്ലാവരുടെയും മൊഴിയെടുക്കും. ദ്വാരപാലകപാളികൾ കൊണ്ടുപോകാൻ അനുമതി നൽകിയത് ബോർഡിന്റെ നിർദേശപ്രകാരമാണെന്നാണ് തന്ത്രിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്.
അതേസമയം, സ്വർണപ്പാളി കവർന്ന കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരെ കൊല്ലം വിജിലൻസ് കോടതി രണ്ട് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. ശബരിമല മുൻ എക്സിക്യുട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ ജാമ്യഹർജി വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്.മോഹിത് തള്ളി.
മുരാരി ബാബുവിനെ ദ്വാരപാലക കേസിലും ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കട്ടിളപ്പാളി കേസിലുമാണ് കസ്റ്റഡിയിൽ വിട്ടത്. പുതുതായി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ ഇരുവരെയും കസ്റ്റഡിയിൽ വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. മുരാരി ബാബുവിന്റെ ഫോൺ എസ്ഐടി കസ്റ്റഡിയിലെടുത്തിരുന്നു. മുഖം തിരിച്ചറിഞ്ഞ് തുറക്കാൻ കഴിയുന്ന വിധത്തിലാണ് ഫോൺ ലോക്ക് ചെയ്തിട്ടുള്ളത്. ഫോൺ തുറന്ന് പരിശോധിക്കാനും മുരാരിബാബു കസ്റ്റഡിയിൽ വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |